ബെംഗളൂരു മയക്കുമരുന്ന് കേസ്, ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബെംഗളൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. ഇന്ന് വീണ്ടും ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റഡി. രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ചോദ്യം ചെയ്തത്.

ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇ ഡി ഇന്ന് ബിനീഷിനെ ചോദ്യം ചെയ്യുകയായിരുന്നു. ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും ബിനീഷിനെ ഇ ഡി ചോദ്യം ചെയ്തത്. ബിനീഷ് നൽകിയ പണം അനൂപ് ലഹരിക്കടത്തിന് ഉപയോഗപ്പെടുത്തിയോ എന്ന് വ്യക്തത വരുത്തുകയായിരുന്നു ലക്ഷ്യം.

Loading...

വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് വിവരം. ബംഗളൂരു സിറ്റി സിവിൽ കോടതിയിലാണ് ഹാജരാക്കുക.11 മണിയോടെയാണ് ഇ ഡി സോണൽ ഓഫീസിൽ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരാക്കിയത്. ഒക്ടോബർ ആദ്യം നടത്തിയ ചോദ്യം ചെയ്യലിൽ ചില പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നായിരുന്നു വീണ്ടും ചോദ്യം ചെയ്യൽ.

ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സമെന്റിന് നൽകിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലിൽ വച്ച് നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. 50 ലക്ഷത്തിൽ അധികം രൂപ അനൂപ് സമാഹരിച്ചെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. ഇങ്ങനെ പണം നൽകിയവരിൽ നിരവധി മലയാളികളുമുണ്ട്. ബിനാമി ഇടപാടുകളും അന്വേഷണ ഏജൻസി സംശയിക്കുന്നു.