ജാമ്യവ്യവസ്ഥ കണ്ട് ആദ്യ ജാമ്യക്കാർ പിന്മാറി; ബിനീഷ് ഇന്നും ജയിലിൽ തന്നെ

ബം​ഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ജമ്യം ലഭിച്ചുവെങ്കിലും ഇന്നും അദ്ദേഹത്തിന് പുറത്തിറങ്ങാനായില്ല. കടുത്ത ജാമ്യ വ്യവസ്ഥ കണ്ട് ആദ്യ ജാമ്യക്കാർ പിന്മാറിയതാണ് ഇതിന് കാരണം. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം അടക്കമായിരുന്നു ഉപാധികൾ. കർശന കോടതി നിബന്ധനകൾ കണക്കിലെടുത്ത് ജാമ്യം നിൽക്കാൻ ഏറ്റവർ പിൻമാറി. പുതിയ ജാമ്യക്കാരെ ഹാജരാക്കാൻ എത്തിയപ്പോഴേക്കും കോടതി സമയം അവസാനിക്കുകയും ചെയ്യുകയായിരുന്നു. സെഷൻസ് കോടതിയിലെ നടപടിക്രമങ്ങൾ നാളെ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയാണ് അഭിഭാഷർ പങ്കുവെക്കുന്നത്. നാളെ ഉച്ചയോടെ ബിനീഷിന് പുറത്തിറങ്ങാനാകുമെന്നാണ് കുടുംബാംഗങ്ങളുടെ കണക്കുകൂട്ടൽ.5 ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യമുൾപ്പടെ കർശന ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്.

കേസിൽ അറസ്റ്റിലായി ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാരക്ക് പുറത്തിറങ്ങുന്നത്. ബിനീഷിന് ജാമ്യം ലഭിച്ചെങ്കിലും കേസന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബിനീഷിൻറെ ഡ്രൈവർ അനിക്കുട്ടൻ ബിസിനസ് പങ്കാളി അരുൺ എന്നിവരിലേക്ക് അന്വേഷണം വിപുലപ്പെടുത്താനുള്ള നീക്കം തുടങ്ങി.ചെയ്യാത്തത് ചെയ്തെന്ന് സമ്മതിപ്പിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഇക്കഴിഞ്ഞ ഒരു വർഷം ബിനീഷിൻറെ വാദം. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപിൻറെ ഡെബിറ്റ് കാർഡിൽ നിർബന്ധിച്ച് ഒപ്പ് ഇടീപ്പിച്ചെന്ന് വരെ ബിനീഷ് ആരോപിച്ചു. കോടിയേരിയുടെ മകനായത് കൊണ്ട് ഇഡിയുടേത് വേട്ടയാടൽ എന്ന നിലപാടിലായിരുന്നു ബിനീഷ്. എൻസിബി പ്രതി ചേർക്കാത്തതിനാൽ ഇഡി കേസ് നിലനിലക്കില്ലെന്ന വാദങ്ങൾക്കിടെയാണ് ജാമ്യം.

Loading...

ഒരു വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയാണെങ്കിലും ബിനീഷിനെതിരെ അന്വേഷണം കൂടുതൽ വിപുലപ്പെടുത്താനാണ് ഇഡി നീക്കം. ഡ്രൈവർ അനിക്കൂട്ടൻ ബിസിനസ് പങ്കാളി അരുൺ എന്നിവർ പലതവണ വിളിപ്പിച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.മയക്കുമരുന്ന് കേസിൽ പരപ്പന അഗ്രഹാര ജയിലിലുള്ള മുഹമ്മദിന് പണം എത്തിച്ചിരുന്നത് ഇരുവരുമാണെന്നാണ് ഇഡി കുറ്റപത്രം. അനിക്കുട്ടനെയും അരുണിനെയും ചോദ്യം ചെയ്താൽ ലഹരിയിടപാടിലെ രഹസ്യങ്ങൾ പുറത്തുവരുമെന്ന കണക്കുകൂട്ടലിലാണ് ഇഡി. അക്കൗണ്ടിലെത്തിയ മൂന്നേമുക്കാൽ കോടിയുടെ ഉറവിടം വെളിപ്പെടുത്താൻ ബിനീഷിന് കഴിഞ്ഞിരുന്നില്ല. പ്രതി ചേർത്തിട്ടില്ലെങ്കിലും ബിനീഷിന് എതിരായ എൻസിബി അന്വേഷണം നടക്കുന്നുണ്ട്. രാജ്യം വിട്ട് പോകരുതെന്നാണ് കോടതി ഉപാധി. വീണ്ടും ചോദ്യം ചെയ്യലിനും നാടകീയ നീക്കങ്ങൾക്കും മുതിരാൻ മടിക്കില്ലെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.