ബിനീഷ് കോടിയേരിയെ നാലുദിവത്തേയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു

ബിനീഷ് കോടിയേരിയെ നാലുദിവത്തേയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ബംഗളൂരു സിറ്റി സിവിൽ കോടതിയുടേതാണ് നടപടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതിയുടെ നടപടിയുണ്ടായിരിക്കുന്നത്. ബിനീഷിന്റെ നിർദേശ പ്രകാരം അനൂപ് മുഹമ്മദിന് അൻപത് ലക്ഷം രൂപ നൽകിയ ഇരുപത് പേരുടെ മൊഴിയുടെ കൂടി പശ്ചാത്തലത്തിലാണ് ഇന്ന് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റിലേക്ക് നീങ്ങിയത്. ഹോട്ടൽ ബിസിനസിലേക്ക് പണം നിക്ഷേപിക്കണമെന്ന് ബിനീഷ് ആവശ്യപ്പെട്ടത് പ്രകാരമാണ് പണം നിക്ഷേപിച്ചതെന്നാണ് ഇവരുടെ മൊഴി. ഈ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ബിനീഷ് കോടിയേരിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അറിയിച്ചു. ഇതിനായി നാലുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകണമെന്നായിരുന്നു ആവശ്യം. ഇത് കോടതി അംഗീകരിച്ചു. ഇതിൽ ഒരു ദിവസം കോടതിയുടെ പ്രത്യേക അനുമതിയോടെ ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിനെയും ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലുണ്ടാകും.

Loading...

ബംഗളൂരു ലഹരിമരുന്ന് കേസിലാണ് ബിനീഷ് കോടിയേരിയെ ഇന്ന് അറസ്റ്റ് ചെയ്തത്. മൂന്നര മണിക്കൂർ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്. ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും ബിനീഷിനെ ഇഡി ചോദ്യം ചെയ്തത്. ബിനീഷ് നൽകിയ പണം അനൂപ് ലഹരിക്കടത്തിന് ഉപയോഗപ്പെടുത്തിയോ എന്ന് വ്യക്തത വരുത്തുകയായിരുന്നു ലക്ഷ്യം.11 മണിയോടെയാണ് ഇ ഡി സോണൽ ഓഫീസിൽ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായത്. ഒക്ടോബർ ആദ്യം നടത്തിയ ചോദ്യം ചെയ്യലിൽ ചില പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നായിരുന്നു വീണ്ടും ചോദ്യം ചെയ്യൽ.