പാലക്കാട്: ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുളള ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ച് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് മണി ചെയിന്‍ തട്ടിപ്പ്. മലയാളികള്‍ ഏജന്റുമാരായുള്ള ഈ മണി ചെയിന്‍ ഇടപാടു വഴി നൂറു കണക്കിന് കോടിയുടെ ബിറ്റ് കോയിന്‍ വിനിമയമാണ് നടക്കുന്നത്. ഇന്ത്യയില്‍ ബിറ്റ്‌കോയിന്‍ നിയമവിധേയമാക്കിയിട്ടില്ലാത്തതിനാല്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് എന്തുചെയ്യണം എന്നറിയാത്ത സ്ഥിതിയാണ്. മണിച്ചെയിന്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ മണിക്കൂറുകള്‍ കൊണ്ട് 16 ലക്ഷം തട്ടിയെടുത്ത കഥയാണ് കൊണ്ടോട്ടി സ്വദേശിയായ ഒരു ചെറുപ്പക്കാരന് പറയാനുളളത്.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിചയം വച്ചാണ് മണിച്ചെയിന്‍ മാര്‍ക്കറ്റിങ്ങില്‍ പണം നിക്ഷേപിച്ചത്. തന്നെ പറ്റിച്ചതുപോലെ കൊണ്ടോട്ടിയില്‍ നിന്ന് മാത്രം 64 ലക്ഷം രൂപ കൈക്കലാക്കി. ഇതേ കമ്പനി ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി 18 ദിവസംകൊണ്ട് നൂറു കണക്കിന് കോടി രൂപ തട്ടിയെടുത്ത ശേഷം നടത്തിപ്പുകാര്‍ മുങ്ങിയെന്ന് കൊണ്ടോട്ടി സ്വദേശി പറയുന്നു. സമാനരീതിയില്‍ മണിച്ചെയിന്‍ തട്ടിപ്പു നടത്തുന്ന കമ്പനികളെല്ലാം ആശ്രയിക്കുന്നത് ബിറ്റ് കോയിനേയാണ്. ഒരു തടസവുമില്ലാതെ രാജ്യത്തെങ്ങും ബിറ്റ് കോയിന്‍ വിനിമയം പൊടിപൊടിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മണിച്ചെയിന്‍ വഴി ബിറ്റ്‌കോയിന്‍ ഇടപാടിലൂടെ പലര്‍ക്കും ലക്ഷങ്ങളും കോടികളും നഷ്ടമായപ്പോള്‍ ഇതേ മാര്‍ഗത്തിലൂടെ കോടികള്‍ സമ്പാദിച്ചവരുമുണ്ട്.
കോയമ്പത്തൂര്‍ കേന്ദ്രമായി ഇപ്പോഴും ഇരുപതിലധികം ബിറ്റ്‌കോയിന്‍ വിനിമയ മണിച്ചെയിന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതീക്ഷിച്ച പണം പോക്കറ്റിലായാല്‍ അവയെല്ലാം ഏതു നിമിഷവും പൂട്ടിയേക്കും.മലേഷ്യയിലും മറ്റു രാജ്യങ്ങളിലുമെത്തി ബിറ്റ് കോയിന്‍ വാങ്ങിയ ശേഷം ചില്ലറ വില്‍പന നടത്തുന്ന ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നത് മലയാളികള്‍ തന്നെയാണ്. ഓണ്‍ലൈന്‍ കച്ചവടമാണെങ്കിലും മലേഷ്യയില്‍ നേരിട്ടുപോയി അവിടെയുളള ഏജന്റുമാര്‍ വഴി വാങ്ങുമ്പോള്‍ ഒരോ ബിറ്റ് കോയിനും മുപ്പതിനായിരം രൂപയുടെ വരെ ലാഭമുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.
ഭൂരിഭാഗം ലോകരാജ്യങ്ങളും അംഗീകരിക്കാത്ത ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ്‌കോയിന്‍. 241403രൂപയാണ് ഒരു ബിറ്റ് കോയിന്റെ മൂല്യം. 14 ലക്ഷം വരെയുണ്ടായിരുന്ന ബിറ്റ് കോയിന്റെ മൂല്യം അടുത്തിടെയാണ് രണ്ടര ലക്ഷമായി ഇടിഞ്ഞത്. ബിറ്റ് കോയിന്റെ മൂല്യം കുറഞ്ഞ നാണയം അറിയപ്പെടുന്നത് സതോഷി എന്ന പേരിലാണ്. പത്തു കോടി സതോഷിയാണ് ഒരു ബിറ്റ് കോയിന്റെ മൂല്യം