മോദിയെക്കുറിച്ചുള്ള പുസ്തകത്തിന് വിലക്കേര്‍പ്പെടുത്തിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ ബിജെപി

കോഴിക്കോട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകം കാലിക്കറ്റ് സര്‍വകലാശാലയുടെ ലൈബ്രറിയില്‍ നിന്നും നീക്കിയതിനെതിരെ ശക്തമായ പ്രതിഷേധം. മോദി @20 ഡ്രീംസ് മീറ്റ് ഡെലിവറി എന്ന പുസ്തകമാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ലൈബ്രറിയിലെ ഡിസ്‌പ്ലേ ബോക്‌സില്‍ നിന്നും നീക്കം ചെയ്തത്. പ്രധാനമന്ത്രിയുടെ പുസ്തകം നീക്കം ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. വലിയ വിമര്‍ശനമാണ് സംഭവത്തില്‍ സര്‍വകലാശാലയ്ക്ക് നേരെ ഉയരുന്നത്.

പുസ്തകം നീക്കം ചെയ്ത യൂണിവേഴ്‌സിറ്റിയുടെ നിലപാട് പാകിസ്താന്‍ അനുകൂല സമീപനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. രാജ്യത്തെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനെയേയും അപമാനിക്കുന്ന നിലപാടാണ് യൂണിവേഴ്‌സിറ്റി സ്വീകരിച്ചതെന്നും. പ്രധാനമന്ത്രിയെ അപമാനിക്കുവാന്‍ ദേശവിരുദ്ധ ശക്തികളുടെ സമ്മര്‍ദത്തിന് യൂണിവേഴ്‌സിറ്റി വഴങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

Loading...

രാജ്യത്തെ ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം നല്‍കി പ്രധാനമന്ത്രിയാക്കിയ വ്യക്തിയാണ് നരേന്ദ്രമോദി അല്ലാതെ ഓടിളക്കി വന്നതല്ലെന്നും. പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകം ലൈബ്രിയില്‍ വെക്കാന്‍ പാടില്ലെന്ന താലിബാനിസം ബിജെപി ഒരിക്കലും അംഗീകരിച്ച് തരില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ആവിഷ്‌ക്കാര സ്വാതന്ത്രത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്രത്തെക്കുറിച്ചും വാചാലരാകുന്ന ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്തിലാണ് ഇത്രയും വലിയ അസഹിഷ്ണുതയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു. നരേന്ദ്രമോദിയെക്കുറിച്ച് രാജ്യത്തെ പ്രമുഖരായ 20 പേര്‍ ചേര്‍ന്ന് എഴുതിയ പുസ്തകമാണിത്. പുസ്തകം മാറ്റുവാന്‍ തീരുമാനിച്ച നടപടിക്കെതിരെ കേരളത്തില്‍ മുഴുവന്‍ ശക്തമായ പ്രതഷേധം സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും പുസ്തക ഫെസ്റ്റ് നടത്തും. വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യേഘാതം നേരിടേണ്ടിവരുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.