ബി.ജെ.പിയും ആര്‍.എസ്‌.എസും ഭരണഘടനയുടെ അടിത്തറ തകര്‍ക്കുന്നു: പ്രകാശ്‌ കാരാട്ട്‌

വിശാഖപട്ടണം: ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ്‌ ബി.ജെ.പിയും ആര്‍.എസ്‌.എസും നടത്തുന്നതെന്ന്‌ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ആരോപിച്ചു. ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കുകയാണ്‌ ആര്‍.എസ്‌.എസ്‌. ആര്‍.എസ്‌.എസിന്റെ ഹിന്ദുത്വ വര്‍ഗീയ അജണ്ട നടപ്പിലാക്കാനാണ്‌ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. കോര്‍പ്പറേറ്റുകള്‍ക്ക്‌ സഹായമായ നിലപാടാണ്‌ മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കാരാട്ട്‌ ആരോപിച്ചു. സി.പി.എം 21-ാം പാര്‍ട്ടി കോണ്‍ഗ്രസ്‌ വിശാഖപട്ടണത്ത്‌ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലതുപക്ഷ ശക്‌തികളെ ഫലപ്രദമായി ചെറുക്കുന്നതിന്‌ ഇടത്‌ ഐക്യം ശക്‌തിപ്പെടുത്തണം. ഇതിനായി രാജ്യത്തെ ഇടത്‌ പാര്‍ട്ടികള്‍ ഒത്തിണക്കത്തോടെ പ്രവര്‍ത്തിക്കണം. നിലവിലെ സംഘടനാ പോരായ്‌മകള്‍ പരിഹരിച്ച്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ സി.പി.എമ്മിന്‌ പുതിയ ദിശാബോധം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Loading...

ആവാസമേഖലകളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ആദിവാസികളുടെ ശാക്‌തീകരണം അത്യാവശ്യമാണ്‌. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമ രാഷ്‌ട്രീയത്തെ പാര്‍ട്ടി ചെറുക്കും. ക്യൂബ, യു.എസ്‌. ബന്ധത്തിലുണ്ടായത്‌ ഒരു വഴിത്തിരിവാണ്‌. ക്യൂബയ്‌ക്ക് മുഴുവന്‍ പിന്തുണയും നല്‍കുന്നു. എന്നാല്‍ ക്യൂബയ്‌ക്ക് എതിരായ അനധികൃത വിലക്കുകള്‍ പിന്‍വലിക്കണമെന്നും പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.

വിശാഖപട്ടണത്തെ പോര്‍ട്ട്‌ സ്‌റ്റേഡിയത്തോടനുബന്ധിച്ചുള്ള കാലാവണി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 10 മണിക്ക്‌ മുന്‍ പി.ബി. അംഗം മുഹമ്മദ്‌ അമീര്‍ രക്‌ത പതാക ഉയര്‍ത്തി. 749 പ്രതിനിധികളും 72 നിരീക്ഷകരും ഏഴ്‌ പ്രത്യേക ക്ഷണിതാക്കളുമാണ്‌ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്‌. എസ്‌. രാമചന്ദ്രന്‍ പിള്ളയാണ്‌ പ്രസീഡിയം ചെയര്‍മാന്‍. േേകരളത്തില്‍ നിന്നുള്ള മുന്‍ മന്ത്രി എ.കെ. ബാലനും പ്രസീഡിയത്തിലുണ്ട്‌. വൃന്ദാ കാരാട്ടാണ്‌ പ്രമേയക്കമ്മറ്റി ചെയര്‍പേഴ്‌സണ്‍. മുന്‍ മന്ത്രി ഡോ. തോമസ്‌ ഐസക്‌ പ്രമേയക്കമ്മറ്റി അംഗമാണ്‌. 175 അംഗങ്ങളാണ്‌ കേരളത്തില്‍ നിന്നും പാര്‍ട്ടി കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്നത്‌. ഇതില്‍ 22 പേര്‍ എം.എല്‍.എമാരാണ്‌.