തിരുവനന്തപുരത്ത് വി വി രാജേഷ്, പത്ത് ജില്ലകളിലെ ബിജെപി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബിജെപി പുതിയ ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയില്‍ വിവി രാജേഷാണ് പ്രസിഡന്റ് , പത്തനംതിട്ടയില്‍ അശോകന്‍ കുളനട ജില്ലാ പ്രസിഡന്റ് ആയി തുടരും. ഇടുക്കിയില്‍ കെഎസ് അജി, തൃശൂരില്‍ കെ.കെ അനീഷ്, കോഴിക്കോട് വി.കെ സജീവന്‍ എന്നിവരാണ് അധ്യക്ഷ സ്ഥാനത്തുള്ളത്.

കൊല്ലത്ത് ബി ബി ഗോപകുമാര്‍ തുടരും. വയനാട് ബിജെപി ജില്ല പ്രസിഡന്റായി സജി ശങ്കറിനെ വീണ്ടും തിരഞ്ഞെടുത്തു. തൊണ്ടര്‍നാട് സ്വദേശിയാണ്. അഡ്വ. ഇ കൃഷ്ണദാസ് പാലക്കാട് ബിജെപി ജില്ല പ്രസിഡന്റായി തുടരും. മലപ്പുറത്ത് രവി തേലത്തും ആലപ്പുഴയില്‍ എംവി ഗോപകുമാറുമാണ് പ്രസിഡന്റുമാര്‍.

Loading...

പ്രഖ്യാപിച്ച പത്തില്‍ ഏഴിടത്തും കൃഷ്ണദാസ് പക്ഷം നേടിയപ്പോള്‍ രണ്ടിടത്ത് മാത്രമാണ് മുരളീധര പക്ഷത്തിന് പ്രസിഡന്റ് സ്ഥാനം നേടാനായത്. തിരുവനന്തപുരത്തും പാലക്കാട്ടും ആണ് മുരളീധര പക്ഷം നേതാക്കള്‍ ജില്ലാ പ്രസിഡന്റുമാരായി . കൊല്ലത്ത് ഗ്രൂപ്പുകള്‍ക്ക് അപ്പുറം ആര്‍എസ്‌എസ് നോമിനിയാണ് ജില്ലാ പ്രസിഡന്റായത് . എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് കൂടിയാണ് ഗോപകുമാര്‍.

കാസര്‍കോട് എറണാകുളം കോട്ടയം കണ്ണൂര്‍ എന്നീ ജില്ലകളിലാണ് പ്രസിഡന്റുമാരെ തെരഞ്ഞടുക്കുന്നതിലുള്ള തീരുമാനം നീളുന്നത്. മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരന്‍ പിള്ള പോയതിന് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആളെത്തിയിട്ടില്ല ദേശീയ അധ്യക്ഷനായി ജെപി നദ്ദയെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ പുതിയ സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തിലും തീരുമാനം ഉണ്ടാകുമെന്നാണ് ബിജെപി കേരളാ ഘടകത്തിന്റെ പ്രതീക്ഷ.

അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് രാജേഷിനെതിരെ നടപടി സ്വീകരിച്ചത്. ബിജെപിയുടെ സംസ്ഥാനത്തെ നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യുന്ന വിവാദത്തില്‍നിന്ന് മുഖം രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു നടുപടി. ഇതിന് പിന്നില്‍ കൃഷ്ണദാസ് പക്ഷത്തിന്റെ സമ്മര്‍ദ്ദവും ഉണ്ടെന്നായിരുന്നു സൂചനകള്‍.

വി. മുരളീധര പക്ഷത്തെ നേതാവായാണ് വി.വി രാജേഷിനെ വിലയിരുത്തുന്നത്. വി.കെ സജീവന്‍ ആകട്ടെ കൃഷ്ണദാസ് പക്ഷത്തേയും നേതാവാണ്. തൃശ്ശൂര്‍ ജില്ലയില്‍ അഡ്വ. കെ. അനീഷാണ് ജില്ലാപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹവും കൃഷ്ണദാസ് പക്ഷത്തുള്ള നേതാവാണ്. മുരളീധര പക്ഷത്തിനായിരുന്നു കഴിഞ്ഞ തവണ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് സ്ഥാനമുണ്ടായിരുന്നത്.

ജില്ലാതല അധ്യക്ഷ പ്രഖ്യാപനത്തിന് ഒപ്പം സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനവും നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആര്‍എസ്‌എസ് നേതൃത്വത്തിന്റെ പിന്തുണയോടെ കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റാകുമെന്ന് സൂചന. മറ്റു സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരെ പരിഗണിച്ചിരുന്നെങ്കിലും വി മുരളീധരന്റെ വിശ്വസ്തന്‍ തന്നെ പ്രസിഡന്റാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൃഷ്ണദാസ് പക്ഷത്തെ എം ടി. രമേശിനും, എ.എന്‍. രാധാകൃഷ്ണനും വേണ്ടി ദേശീയ നേതൃത്വത്തിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ട്.

നിലവില്‍ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായ ജെ.പി നഡ്ഢയെ അടുത്ത ദിവസം തന്നെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കും അതിന് ശേഷം കേരളത്തിലെ അധ്യക്ഷനെ സംബന്ധിച്ച്‌ പ്രഖ്യാപനമുണ്ടാകും. തര്‍ക്കത്തിലുള്ള ജില്ലകളുടെ കാര്യത്തിലും മണ്ഡലങ്ങളുടെ കാര്യത്തിലും സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുത്തിന് ശേഷമെ പ്രഖ്യാപനമുണ്ടാകു.