സഹായമഭ്യര്‍ത്ഥിച്ച് എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി സ്ഥാനാര്‍ത്ഥി ബലാത്സംഗം ചെയ്തു, പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റ്

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പശ്ചിമ ബംഗാള്‍ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നിലഞ്ജന്‍ റോയിയെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. റോയിക്കെതിരേ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.

ഏപ്രില്‍ 26-നായിരുന്നു സംഭവം. ബിജെപി പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്നു പരാതി നല്‍കാന്‍ റോയിയുടെ ഫാല്‍ത്തയിലെ വീട്ടില്‍ ചെന്ന 17-കാരിയാണ് പീഡനത്തിനിരയായത്. അടുത്തദിവസംതന്നെ അവര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് മൊഴിയെടുക്കുകയും വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തുവെങ്കിലും പ്രതിയെ അറസ്റ്റുചെയ്യുന്നതില്‍ അലംഭാവം കാണിച്ചു എന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്സന്‍ അനന്യ ചാറ്റര്‍ജി വിശദീകരിച്ചു.

റോയിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം, മമതാ ബാനര്‍ജിയുടെ അനന്തരവനും എതിര്‍ സ്ഥാനാര്‍ഥിയുമായ അഭിഷേക് ബാനര്‍ജിയുടെ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്ന് റോയി ആരോപിച്ചു. ബിജെപിയെ പരാജയപ്പെടുത്താന്‍ തൃണമൂല്‍ കോണ്‍?ഗ്രസ് തെറ്റായ കേസ് എടുത്തിരിക്കുകയാമെന്ന് ബിജെപി സംസ്താന വൈസ് പ്രസിഡന്റ് ജയപ്രകാശ് മജുംദാര്‍ ആരോപിച്ചു.