ഇത് മികച്ച അവസരം…. ശബരിമലയുടെ കുടപിടിച്ചു അംഗത്വവിതരണം കൂട്ടാന്‍ ബി.ജെ.പി;ഹിന്ദുക്കളുടെ വീടുകളില്‍ കടന്നുചെന്ന് വിശദീകരണ ചര്‍ച്ച നടത്താന്‍ ബിജെപി

കൊച്ചി: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം കളിക്കുന്നതാരാണെന്നതാണ് കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന ചോദ്യം. പരമ്പരാഗതമായി നില നില്‍ക്കുന്ന ആചാരം തെറ്റിക്കാന്‍ ശ്രമിച്ച് സിപിഎം രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്നു എന്ന് ബിജെപി ആരോപിക്കുന്നു. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത കേന്ദ്രനേതൃത്വത്തിന് വിപരീതമായി സംസ്ഥാന നേതൃത്വം പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ ഇരട്ടത്താപ്പാണെന്ന് സിപിഎമ്മും പറയുന്നു.

എന്തായാലും ശബരിമലയില്‍ ഉണ്ടാക്കിയ മുന്നേറ്റത്തില്‍ ഹിന്ദുഅനുകൂല ചായ്‌വ് മുതലാക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം കൊണ്ടുപിടിച്ച ശ്രമം തുടങ്ങിയെന്നാണ് പുതിയ വിവരം. സമരത്തില്‍ ചില സംഘടനകളുമായി കിട്ടിയ അപ്രതീക്ഷിത സൗഹൃദം ഗുണം ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്. ഇതിലൂടെ ഇതരപാര്‍ട്ടിക്കാരായ ഹിന്ദുക്കളുടെ വീട്ടിലേക്ക് വരെ കടന്നു ചെല്ലാനും അവരില്‍ അനുകൂല മാനസീകാവസ്ഥ സൃഷ്ടിച്ചെടുക്കാനുമാണ് ബിജെപിയുടെ ശ്രമം. ശബരിമല വിഷയം എല്ലാ ഹിന്ദു ഭവനങ്ങളിലും എത്തി ബോധവല്‍ക്കരണ ചര്‍ച്ച നടത്തി പാര്‍ട്ടിക്ക് അനുകൂലമായ മാനസീകാവസ്ഥ സൃഷ്ടിക്കുകയാണ്് പ്രധാന ലക്ഷ്യം. അതിനൊപ്പം തന്നെ സുപ്രീംകോടതി വിധിക്കെതിരേ നടത്തുന്ന സമരമല്ലെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം നടത്തുന്നുണ്ട്.

Loading...

അതേസമയം ശബരിമല വിഷയത്തില്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സര്‍ക്കാരല്ലെന്ന നിലപാട് വ്യക്തമാക്കിക്കൊണ്ട് സിപിഎം ഇതിനകം വീടുവീടാന്തരം കയറിയിറങ്ങി വിശദീകരണ നോട്ടീസ് ഇതിനകം നല്‍കിക്കഴിഞ്ഞിരിക്കുകയാണ്. പ്രശ്‌നം തങ്ങളുടെ സൃഷ്ടിയല്ലെന്നും ഭരണഘടനാനുസൃതമായി ജനാധിപത്യം സംരക്ഷിക്കാന്‍ സുപ്രീംകോടതിയെ അനുസരിക്കുകയ എന്നത് ഭരണഘടനാ ഉത്തരവാദിത്വമാണെന്ന് വ്യക്തമാക്കിയാണ് സിപിഎമ്മിന്റെ നോട്ടീസ്. ഇതിനകം ജില്ലകള്‍ കേന്ദ്രീകരിച്ച് വിശദീകരണയോഗങ്ങളും സിപിഎം നടത്തിക്കഴിഞ്ഞു.