രമേശ് ചെന്നിത്തലയെ ആര്‍എസ്‌എസ് ആക്കാനാണ് കോടിയേരി ബാലകൃഷ്ണന്റെ കഠിന ശ്രമം: രമേശല്ല, എസ് രാമചന്ദ്രന്‍ പിള്ളയാണ് ആര്‍എസ്‌എസ് എന്ന് ബിജെപി മുഖപത്രം

തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എസ് രാമചന്ദ്രൻ പിള്ളയാണ് ആർഎസ്‌എസ് എന്ന് ബിജെപി മുഖപത്രം. രമേശ് ചെന്നിത്തലയ്ക്കെതിരെ കോടിയേരി രൂക്ഷ വിമർശനം നടത്തിയ അതേദിവസമാണ് ബിജെപി മുഖപത്രത്തിലും രൂക്ഷവിമർശനം വന്നിരിക്കുന്നത്.  ഹൈസ്‌ക്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോഴാണ് എസ്‌ആർപി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ പ്രവർത്തകനായിരുന്നത്. ആർഎസ്‌എസ് ശാഖയിൽ പങ്കെടുക്കുക മാത്രമല്ല, രാമചന്ദ്രൻ പിള്ള കായംകുളത്ത് ആർഎസ്‌എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനുമായിരുന്നുവെന്നും ജന്മഭൂമി ദിനപ്പത്രത്തിലെ ലേഖനത്തിൽ പറയുന്നു.

ഇപ്പോഴത്തെ കമ്മ്യുണിസ്റ്റു നേതാക്കളിൽ മാന്യതയുടെ മുഖമുള്ള നേതാവാണ് എസ്‌ആർപി. ആ മാന്യതക്കു കാരണം അദ്ദേഹത്തിന്റെ ആർഎസ്‌എസ് സംസ്‌കാരമാണ് എന്നു പറയുന്നവരുമുണ്ട്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്‌ആർപി സംഘത്തിന്റെ പ്രവർത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. ഇദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അടുക്കുകയും പ്രവർത്തനത്തിൽ സജീവമാകുകയും ചെയ്യുകയായിരുന്നു. രമേശ് ആർഎസ്‌എസ് ആയിരുന്നില്ലെങ്കിലും അച്ഛൻ രാമകൃഷ്ണൻ നായർ ആർഎസ്‌എസിനെ സ്‌നേഹിച്ചിരുന്നു. ചെന്നിത്തല മഹാത്മാ സ്‌ക്കൂളിലെ അധ്യാപകനായ അദ്ദേഹം ആർഎസ്‌എസ് കളരിക്കൽ ശാഖയിൽ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. രമേശ് ചെന്നിത്തലയെ ആർഎസ്‌എസ് ആക്കാനാണ് കോടിയേരി ബാലകൃഷ്ണന്റെ കഠിന ശ്രമം. ആദ്യമായിട്ടല്ല ചെന്നിത്തലയ്ക്ക് ആർഎസ്‌എസ് അംഗത്വം സിപിഎം കൊടുക്കുന്നത്.

Loading...

കോൺഗ്രസുകാരിയായിരുന്ന രമേശിന്റെ അമ്മ ദേവകിയമ്മ തൃപ്പെരുന്തുറ പഞ്ചായത്ത് പ്രഡിഡന്റായിരുന്ന കാലത്താണ് സിപിഎം ചെന്നിത്തലയിൽ അക്രമ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. രണ്ട് ആർഎസ്‌എസ് പ്രവർത്തകരെ വെട്ടിക്കൊന്നുകൊണ്ടായിരുന്നു അത്. കെഎസ്‌യു കളിച്ചു നടന്ന രമേശിനുനേരെയും അക്കാലത്ത് സിപിഎം അതിക്രമം നടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാർ തല്ലാൻ വളഞ്ഞപ്പോൾ, രാമകൃഷ്ണൻ സാറിന്റെ മകൻ എന്ന നിലയിൽ രക്ഷപ്പെടുത്തിയിട്ടുണ്ടാകാം. അതിനപ്പുറം രമേശിന് ആർഎസ്‌എസിന്റെ ഒരു മണോം ഗുണോം ഇല്ലെന്ന് ആ സംഘടനയെ അറിയാവുന്ന ആർക്കുമറിയാം.

കോൺഗ്രസിൽ എല്ലാ അർത്ഥത്തിലും രമേശിനേക്കാൾ വലിയ നേതാവായിരുന്നല്ലോ മുൻ മുഖ്യമന്ത്രി ആർ ശങ്കർ.. ആത്മാഭിമാനിയും ഹിന്ദുത്വാഭിമാനിയുമായിരുന്ന ആർ ശങ്കർ കൊല്ലത്തെ ആർഎസ്‌എസ് ശാഖയിലെ സ്വയംസേവകനായിരുന്നു. കൊല്ലത്ത് ആർഎസ്‌എസ് പ്രചാരകനായിരുന്ന ഭാരതീയവിചാരകേന്ദ്രം ഡയറക്ടർ പി പരമേശ്വരൻ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുമുണ്ട്. താനും ശങ്കറുമൊന്നിച്ച്‌ തിരുവനന്തപുരം റസിഡൻസിയിൽ ചെന്ന് ശ്യാമപ്രസാദ് മുഖർജിയെ കണ്ട് ചർച്ച നടത്തിയെന്നാണ് മന്നം ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എൻഎസ്‌എസ് പ്രസിദ്ധീകരിച്ച മന്നത്തിന്റെ ‘സമ്ബൂർണ കൃതികൾ’ എന്ന ഗ്രന്ഥത്തിന്റെ 293-ാം പേജിലാണ് ഇതേക്കുറിച്ച്‌ പറയുന്നത്. ആർ ശങ്കറിന്റെ മകനും ഇപ്പോൾ കെപിസിസി അംഗവുമായ മോഹൻശങ്കറും ഇടക്കാലത്ത് ബിജെപിയിൽ ചേരുകയും സംസ്ഥാന വൈസ് പ്രസിഡന്റാകുകയും ആർഎസ്‌എസ് നേതാക്കളുമായി നല്ല ബന്ധത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. ശാഖയിൽ വന്നു എന്നതിന്റെ പേരിൽ ആർ.ശങ്കറിനെയും എസ് രാമചന്ദ്രൻപിള്ളയേയും തങ്ങളുടെ ആളാക്കാൻ ആർഎസ്‌എസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. മുൻ കെപിസിസി പ്രസിഡന്റ് കെ കേളപ്പൻ അവസാനകാലത്ത് ആർ എസ് എസ് സഹയാത്രികനായിരുന്നു എന്നത് രമേശിന് ഓർമ്മയില്ലങ്കിലും കോടിയേരിക്ക് അറിയാമല്ലോ എന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.