വാറംഗല്‍: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന വിവാദ പരാമര്‍ശവുമായി തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംപി ബണ്ടി സഞ്ജയ്കുമാര്‍. പ്രതിഷേധിക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് ബ്രേക്കില്ലാത്ത ബസ്സില്‍ പോകണമെന്നും എം.പി പറഞ്ഞു. നേരത്തെയും ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. മീററ്റ് എസ്പിയും സമാന പരാമര്‍ശം നടത്തിയതിന് വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.
ബിജെപി പ്രവര്‍ത്തകര്‍ കല്ലുകള്‍ കൊണ്ട് ആക്രമിക്കപ്പെട്ടാല്‍ ബോംബുകള്‍ കൊണ്ടും കത്തി ഉപയോഗിച്ചും തിരിച്ചടിക്കണമെന്നും കരീംനഗറില്‍ നിന്നുള്ള ബിജെപി എംപി കൂടിയായ അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് വാറംഗലില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു സഞ്ജയ്.
രാജ്യദ്രോഹികള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല. നിങ്ങള്‍ക്ക് പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ പോകണമെങ്കില്‍ ഞങ്ങള്‍ വിമാനമോ ബ്രേക്കില്ലാത്ത ബസുകളോ നല്‍കാം ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സിഎഎ അനുകൂല റാലിയില്‍ കല്ലെറിഞ്ഞത് ദേശവിരുദ്ധരാണെന്ന് ആരോപിച്ച എംപി കല്ലുകള്‍ക്ക് മറുപടിയായി ബോബുകള്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചു. നിങ്ങള്‍ കല്ലെറിയുകയാണെങ്കില്‍ ഞങ്ങള്‍ ബോംബുകള്‍ എറിയും. നിങ്ങള്‍ വിറകുകള്‍ ഉപയോഗിച്ചാല്‍ ഞങ്ങള്‍ കത്തി ഉപയോഗിച്ച് പ്രതികാരം ചെയ്യും. നിങ്ങള്‍ ബോംബുകള്‍ എറിഞ്ഞാല്‍ ഞങ്ങള്‍ ലോഞ്ചറുകളുമായി തിരിച്ചടിക്കും. യുദ്ധം ആരംഭിച്ചു കഴിഞ്ഞെന്നും ആരെയും ഒഴിവാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസിനെയും അഖിലേന്ത്യാ മജ്ലിസ് ഇ-ഇത്തിഹാദുല്‍ മുസ്ലിമീനെയും ശക്തമായ ഭാഷ ഉപയോഗിച്ച് സഞ്ജയ് കുമാര്‍ ആക്രമിച്ചു. ഇവര്‍ രണ്ടു കൂട്ടരും ഹിന്ദു വിരുദ്ധരാണ്. സിഎഎയില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും മതേതരവാദികളും കൈകോര്‍ത്തു. 2007ലെ ഹൈദരാബാദ് ബോംബ് സ്ഫോടനക്കേസ് പ്രതികള്‍ക്ക് പൗരത്വം നല്‍കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആഗ്രഹിക്കുന്നുണ്ടോ എന്നറിയാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നനും അദ്ദേഹം അറിയിച്ചു. സിഎഎ വിഷയത്തില്‍ പച്ചനിറത്തിലുള്ള പതാകകള്‍ ഉപയോഗിച്ച് എഐഎംഎം നടത്തിയ പ്രതിഷേധം വാറംഗലിലെ രാഷ്ട്ര്ീയ അന്തരീക്ഷത്തെ തകര്‍ത്തതായും കാവി പതാകയ്‌ക്കൊഴികെ മറ്റൊരു പതാകയ്ക്കും തെലങ്കാനയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.