ന്യൂഡല്‍ഹി: ദില്ലി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും ശിരോമണി അകാലിദള്‍. പൗരത്വഭേദഗതി നിയമത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്താതെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എന്‍ഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദള്‍.
പൗരത്വ ഭേദഗതി നിയമത്തിലും സീറ്റ് വിഭജനത്തിലും ബി.ജെ.പിയുമായി അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഏറെക്കാലത്തെ സഖ്യകക്ഷിയായ അകാലി ദളിന്‍റെ നിലപാട് ബി.ജെ.പിക്ക് തിരിച്ചടിയാണ്.
ഞങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍, നിയമത്തില്‍ നിന്ന് ആരെയെങ്കിലും ഒഴിവാക്കുന്നതിനോട് എതിര്‍പ്പാണ്. മതത്തിന്‍റെ പേരില്‍ ആരെയെങ്കിലും ഒഴിവാക്കുന്നത് തെറ്റാണ് -അകാലി ദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ ഡല്‍ഹിയില്‍ പറഞ്ഞു.
ബി.ജെ.പിയുമായി ഏറെക്കാലമായി സഖ്യത്തിലുണ്ട്. എന്നാല്‍, പൗരത്വ ഭേദഗതി നിയമത്തില്‍ ഞങ്ങള്‍ നിലപാട് എടുത്തത് മുതല്‍ ബി.ജെ.പി തുടര്‍ച്ചയായി ഞങ്ങളോട് നിലപാട് മാറ്റാന്‍ ആവശ്യപ്പെടുകയാണ്. നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കും -സിര്‍സ പറഞ്ഞു.
മതത്തിന്‍റെ പേരില്‍ രാജ്യം വിഭജിക്കപ്പെടരുതെന്നാണ് ഞങ്ങളുടെ വ്യക്തമായ നിലപാട്. ഈ നിലപാട് മാറ്റുന്നതിനെക്കാള്‍ ഭേദം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം മത്സരിക്കാതിരിക്കുകയാണ്. രാജ്യം എല്ലാവരുടെയുമാണ്. പൗരത്വ പട്ടിക രാജ്യത്ത് നടപ്പാക്കരുതെന്നും സിര്‍സ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തില്‍ ഇളവ് അനുവദിക്കുന്നവരുടെ കൂട്ടത്തില്‍ മുസ്ലിം മതവിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്ന് അകാലി ദളിന്‍റെ രാജ്യസഭ എം.പി നരേഷ് ഗുജ്റാള്‍ കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ബി.ജെ.പിയുമായി ഭിന്നത രൂക്ഷമായത്. എന്‍.ഡി.എ സഖ്യത്തിലെ നിരവധി കക്ഷികള്‍ അസംതൃപ്തിയിലാണെന്നും ഗുജ്റാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പ് ചിഹ്നത്തെ സംബന്ധിച്ചും അകാലി ദളും ബി.ജെ.പിയും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. അകാലി ദളിന്‍റെ ത്രാസ് ചിഹ്നത്തിന് പകരം താമര അടയാളത്തില്‍ മത്സരിക്കണമെന്ന ബി.ജെ.പി നിര്‍ദേശമാണ് ഭിന്നതയുണ്ടാക്കിയത്.