കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

ബംഗളൂരു: കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവമോര്‍ച്ച നേതാവിനെ പോലീസ് അറസ്റ്റുചെയ്തു. യുവമോര്‍ച്ച നേതാവ് എം.വി . അനിലാണ് അറസ്റ്റിലായത്.

കര്‍ണ്ണാടകയിലെ ചിക്കമംഗലൂരുവിലാണ് യുവമോര്‍ച്ച നേതാവിന്റെ ശല്യത്തെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനിയായ ധന്യശ്രീ അത്മഹത്യ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പെണ്‍കുട്ടി തന്റെ വീട്ടില്‍ ആത്മഹൂതി ചെയ്തത്. അനിലടക്കം അഞ്ചുപേര്‍ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

പെണ്‍കുട്ടി ഒരു മുസ്ലീം യുവാവിനോടൊപ്പം കറങ്ങിനടക്കുകയാണെന്നും അനാവശ്യ ബന്ധം പുലര്‍ത്തുന്നതായും ഇയാള്‍ പറഞ്ഞുപരത്തിയെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ട്. അനിലും മറ്റു നാലു പേരും കൂടി ധന്യശ്രീയുടെ വീട്ടിലെത്തുകയും പെണ്‍കുട്ടിയെയും അമ്മയെയും ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടിക്കെതിരെ ‘ലൗ ജിഹാദ്’ ആരോപണം ഉന്നയിക്കുകയുമായിരുന്നു.

ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായും യുവമോര്‍ച്ച നേതാവിനെ അറസ്റ്റുചെയ്തതായും ചിക്കമംഗലൂരു പോലീസ് സൂപ്രണ്ട് കെ.അണ്ണാമലൈ പറഞ്ഞു. പെണ്‍കുട്ടിയും മുസ്ലീം യുവാവുമായുള്ള ചിത്രം നവമാധ്യമങ്ങളില്‍ വ്യാപിക്കുകയാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റു ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.