മനുഷ്യദൈവങ്ങളുടെ എണ്ണം കൂടുമ്പോള്‍ അക്രമങ്ങളും പെരുകുന്നു ;ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌

കാലം പുരോഗമിച്ചിട്ടും മന്ത്രവാദങ്ങളിലും മറ്റും വിശ്വസിച്ച് ജീവിതം ഹോമിക്കുന്നവരുടെ എണ്ണം കേരളത്തില്‍ പെരുകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലാണ് പണം ലക്ഷ്യമിട്ട് മന്ത്രവാദം പ്രചരിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്.

കേരളത്തില്‍ മുമ്പില്ലാത്ത വിധം മനുഷ്യദൈവങ്ങളുടെ എണ്ണവും കൂടി വരികയാണ്. മുമ്പില്ലാത്ത വിധം കേരളത്തില്‍ ആശ്രമങ്ങളുടെ എണ്ണവും കൂടുന്നു. ഹിന്ദു മതത്തിന് പുറമേ ഇസ്ലാം മതത്തിലും ഇത്തരമാളുകളുടെ വിഹാരം മുമ്പില്ലാത്ത വിധം വര്‍ധിക്കുകയാണ്.

Loading...

കമ്പകക്കാനം സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ആഭിചാര ക്രിയകള്‍ക്ക് വേണ്ടിയാണ് ആളുകള്‍ കൂടുതലും മന്ത്രവാദികളെ ആശ്രയിക്കുന്നത്. ബിസിനസുകാരും സിനിമാക്കാരും രാഷ്ട്രീയക്കാരും അടങ്ങുന്ന സമൂഹത്തിലെ ബിഗ് ഷോട്ടുകള്‍ക്ക് പുറമേ സാധാരണക്കാരും മനുഷ്യദൈവങ്ങളെയും മന്ത്രവാദികളെയും ആശ്രയിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ വനാന്തര പ്രദേശത്ത് കുറ്റിയടി എന്ന പേരില്‍ ഒരു ആചാരം അരങ്ങേറുന്നുണ്ട്, കൊല്ലേണ്ടയാളുടെ പേരും നാളും മനസിലോര്‍ത്ത് കുറ്റിയടിച്ചാല്‍ പോക്കാണെന്നാണ് അനുഭവം. ആഭിചാര കര്‍മ്മകള്‍ക്ക് ആയിരകണക്കിന് രൂപ ചെലവാക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. ശത്രുനിഗ്രഹം നടക്കണമെന്ന ലക്ഷ്യം മാത്രമാണ് ഇക്കൂട്ടര്‍ക്കുള്ളത്.

അതിര്‍ത്തി ഗ്രാമങ്ങളിലെ ചില പ്രത്യേക വിഭാഗത്തിലുള്ളവരാണ് ഇത്തരം കര്‍മ്മങ്ങള്‍ക്ക് പേരുകേട്ടവര്‍. അവരെ കാട്ടില്‍ നിന്നിറങ്ങി നാട്ടില്‍ കൊണ്ടുവന്ന് കര്‍മ്മം ചെയ്യിക്കുന്നവരും ധാരാളമുണ്ട്. നാട്ടിലെത്തുമ്പോള്‍ ചെലവ് കൂടുമെന്ന് മാത്രം. ചെലവ് എത്രയായാലും ഉദ്ദേശിക്കുന്നയാളിന്റെ സഞ്ചയനം കാണണമെന്ന് മാത്രമാണ് ചിലര്‍ ആഗ്രഹിക്കുന്നത്.

മന്ത്രവാദത്തിനും മറ്റുമെതിരെ നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അത് പാതി വഴിയില്‍ മുടങ്ങി. നിയമത്തിന് എന്താണ് സംഭവിച്ചതെന്ന് ഉദ്യോഗസ്ഥര്‍ക്ക് പോലുമറിയില്ല. നിയമം പാസാക്കാന്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്നാണ് ഒരു ഉദ്യോഗസ്ഥ പ്രമുഖന്‍ പറഞ്ഞത്. മന്ത്രവാദം സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ക്ക് ഒരു വരുമാന മാര്‍ഗമാണ്.

നഗരത്തില്‍ നിന്നെത്തുന്ന സമ്പന്നവരെ വളച്ചെടുത്ത് മന്ത്രവാദികള്‍ക്കരികിലേക്ക് എത്തിക്കുന്ന സംഘങ്ങളും കേരളത്തില്‍ സജീവമാണ്. കമ്പകക്കാനത്തെ കൊലപാതകത്തില്‍ തിരുവനന്തപുരത്ത് നിന്നും അറസ്റ്റിലായ പ്രാദേശിക രാഷ്ട്രീയ നേതാവ് ഇത്തരം കണ്ണികളുടെ ഭാഗമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ചില ജ്യോതിഷികളും ഇത്തരം സംഘങ്ങളെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. നിധി കണ്ടെത്തി തരാമെന്ന് പറഞ്ഞ് മന്ത്രഹോമാദികള്‍ നടത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.

വിശ്വാസത്തിന്റെ ചൂഷണം തന്നെയാണ് പ്രധാനമായും നടക്കുന്നത്.. തിരുവനന്തപുരത്തെ നന്തന്‍കോട്ട് മകന്‍ മാതാപിതാക്കളെ കൊന്നതും ഇത്തരം ആഭിചാര ക്രിയകളുടെ ഭാഗം തന്നെയാണ്.

ആഭിചാര കര്‍മ്മങ്ങള്‍ പഠിപ്പിക്കുന്ന സ്ഥലങ്ങളും കേരളത്തിലുണ്ട്. പെട്ടെന്ന് പണക്കാരാകാന്‍ എത്തുന്നവരാണ് ഇത്തരം പാഠശാലകളിലെത്തുന്നത്. പകല്‍ വെളിച്ചത്തില്‍ ആധുനികര്‍ എന്ന പേരില്‍ നടക്കുന്ന പലരും ഇത്തരം സംഘങ്ങളുടെ വലയില്‍ അകപ്പെട്ടിട്ടുണ്ട്. കോഴിബലിയും മൃഗബലിയും ഇത്തരം സ്ഥലങ്ങളില്‍ നടക്കുന്നുണ്ട്. ചാരായമാണ് ദുര്‍മന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന ദേവതകളുടെ ഇഷ്ട പാനീയം.

ബിസിനസുകാരാണ് ഇത്തരം സ്ഥലങ്ങളില്‍ അധികമായി എത്തുന്നത്. ബിസിനസ് വൈരികളെ തകര്‍ക്കുകയാണ് പ്രധാന ലക്ഷ്യം. ഏജന്റുമാര്‍ വഴിയാണ് ഇവര്‍ ഇത്തരം സ്ഥലങ്ങളിലെത്തി ചേരുന്നത്. ആഭിചാര കര്‍മ്മങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ എത്തുന്നവര്‍ക്ക് താമസ സൗകര്യവും നല്‍കാറുണ്ടത്രേ. പതിനായിരങ്ങള്‍ കൂലി വാങ്ങുന്നവരാണ് ആഭിചാര കര്‍മ്മികളില്‍ ഏറെയും.