16 വയസ്സുകാരിയെ മന്ത്രവാദിയെ കൊണ്ട് വിവാഹം കഴിപ്പിച്ച് പീഡനം;അമ്മയടക്കം അറസ്റ്റില്‍

തിരുവനന്തപുരം: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മന്ത്രവാദിയെക്കൊണ്ട് വിവാഹം കഴിപ്പിച്ച് പീഡിപ്പിച്ച കേസില്‍ അമ്മയുള്‍പ്പെടെ അറസ്റ്റിലായി. മന്ത്രവാദത്തിന്റെ മറവിലായിരുന്നു പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അമ്മയെയും ഇവരുടെ രണ്ടാം ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ സുഹൃത്തായ മന്ത്രവാദിയുമാണ് സംഭവത്തില്‍ അറസ്റ്റിലായത്. രണ്ടാം ഭര്‍ത്താവ് നേരത്തെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ചതിന് വധശിക്ഷ അനുവദിച്ചിരുന്നയാളാണ്.

തലയല്‍ ആലുവിള വണ്ടിത്തടം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ സുനു എന്നു വിളിക്കുന്ന വിനോദ്(30) ആണ് അറസ്റ്റിലായ മന്ത്രവാദി.അമ്മൂമ്മയ്‌ക്കൊപ്പം താമസിക്കുകയായിരുന്ന 17-കാരിയാണ് പീഡനത്തിനിരയായത്. കുട്ടിയെ അമ്മ താമസിക്കുന്ന വീട്ടില്‍ വിളിച്ചുവരുത്തുകയും വീട്ടില്‍ ഐശ്വര്യം ലഭിക്കുന്നതിനെന്നുപറഞ്ഞ് മന്ത്രവാദിയെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ സമ്മതമില്ലാതെ അടുത്ത ക്ഷേത്രത്തില്‍വച്ച് താലി കെട്ടിയശേഷം ഇവരോടൊപ്പം താമസിപ്പിച്ച് പീഡനത്തിന് ഒത്താശ ചെയ്യുകയായിരുന്നു. പിന്നീട് കുട്ടിയെ സ്‌കൂളില്‍ വിട്ടിരുന്നില്ല.

Loading...

അമ്മയുടെ വീട്ടില്‍നിന്നു കഴിഞ്ഞദിവസം രക്ഷപ്പെട്ട കുട്ടി അമ്മൂമ്മയുടെ വീട്ടിലെത്തിയശേഷം സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് കഴിഞ്ഞ ദിവസമാണ് പ്രതികളെ പിടികൂടിയത്. മന്ത്രവാദി വിനോദിനെതിരേ പോക്‌സോ കേസെടുത്തു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ബാലരാമപുരം എസ്.എച്ച്.ഒ. എസ്.ബിനു, എസ്.ഐ. വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.