വീടിന്റെ വാതിലില്‍ മുട്ടി മുളക് പൊടി വിതറി ഓടും;ബ്ലാക്ക്മാനെ പിടിക്കാന്‍ ഉറക്കമൊഴിച്ച് നാട്ടുകാര്‍

കൊവിഡ് ഭീതിയിലാണ് ലോകം. എല്ലാവരും വീട്ടിനകത്ത്. എന്നാല്‍ വീട്ടിനകത്തിരിക്കുന്നവരെയും ഭീതിയിലാക്കാന്‍ ചില സാമൂഹിക വിരുദ്ധര്‍ ഇറങ്ങിയിട്ടുണ്ട്. വീടിന്റെ വാതിലില്‍ മുട്ടി മുളക് പൊടി വിതറി പ്രതി ഓടി രക്ഷപ്പെടും ഇതാണ് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുന്നത്. സംഭവം മലപ്പുറം വണ്ടൂരാണ്. പ്രതിയെ ആള്‍ക്കാര്‍ നേരിട്ട് കണ്ടതോടെ ബ്ലാക്ക്മാനെ പിടിക്കാന്‍ നാട്ടുകാര്‍ നേരം പുലരും വരെ ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ്. മാത്രമല്ല കഴിഞ്ഞ ദിവസം ചോക്കാട് കുളിമുറിയില്‍ വെച്ച് വീട്ടമ്മയെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.

ഇതോടെ നാട്ടുകാരും പൊലീസുകാരും കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്. അതേസമയം ബ്ലാക്ക്മാനെന്ന പേരില്‍ ഇറങ്ങുന്ന സാമൂഹ്യവിരുദ്ധര്‍ക്ക് പിന്നില്‍ പോകരുതെന്ന പൊലീസ് നിര്‍ദേശം പാലിക്കാതെയാണ് പലരും സംഘങ്ങളായി കൈയില്‍ ടോര്‍ച്ചും വടികളുമായി വില്ലനെ കണ്ടെത്താന്‍ പോകുന്നത്. ഇതിപ്പോള്‍ ഒരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. പൊലീസ് നിര്‍ദേശം പാലിക്കാതെ കാട്ടിലും നിര്‍മാണം നടക്കുന്ന വീടുകളിലും റബ്ബര്‍ തോട്ടങ്ങളിലുമാണ് ബ്ലാക്ക്മാന് വേണ്ടിയുള്ള അന്വേഷണം നടക്കുന്നത്.

Loading...

എന്തായാലും ഒന്നിലധികം സ്ഥലത്ത് ഒരേസമയം ബ്ലാക്ക്മാനെ കണ്ടെന്നുള്ള പരാതികളും ഉയര്‍ന്നതോടെ പൊലീസ് ആകെ കുഴഞ്ഞിരിക്കുകയാണ്. അതേസമയം തന്നെ നാട്ടിലെ കള്ളന്‍മാരും കള്ളക്കടത്തുകാരുമാണ് ബ്ലാക്ക് മാന്‍ കഥകള്‍ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല പൊലീസ് നിര്‍ദേശം പാലിക്കാതെ ബ്ലാക്ക്മാനെ തേടിയിറിങ്ങുന്നവര്‍ അത്തരം കഥാപാത്രത്തെ സൃഷ്ടിക്കുന്നവരെ സഹായിക്കലാണെന്നും പൊലീസ് വ്യക്തമാക്കുന്നു.