‘ഐജി മനോജ് എബ്രഹാം അന്തസില്ലാത്ത പൊലീസ് നായ’ പ്രയോഗം, വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ കുടുങ്ങി, അറസ്റ്റ് ഉടൻ

കൊച്ചി: ശബരിമല വിഷയത്തിൽ ബിജെപി സംസ്ഥാന നേതാവിന്‍റെ നാക്കു പിഴ വിനയാകുന്നു. ഐജി മനോജ് എബ്രഹാമിനെ പൊലീസ് നായയോട് ഉപമിച്ച ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണനാണ് കുടുങ്ങിയത്. പൊലീസ‌് ഉദ്യോഗസ്ഥനെതിരെ പ്രകോപനപരമായി പ്രസംഗിച്ചതിനും ഭീഷണിപ്പെടുത്തിയതിനും എറണാകുളം സെൻട്രൽ പൊലീസ‌് ഗോപാലകൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേസിൽ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതോടെ ബിജെപിയും പ്രതിരോധത്തിലായി.

ശബരിമല വിഷയത്തിൽ ചൊവ്വാഴ‌്ച ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം റേഞ്ച‌് ഐജിയുടെ ഓഫീസിലേക്ക‌് നടത്തിയ മാർച്ചിന്‍റെ ഉദ‌്ഘാടന പ്രസംഗത്തിലായിരുന്നു ഗോപാലകൃഷ‌്ണന്‍റെ അധിക്ഷേപം. സാധാരണ പൊലീസ് നായക്ക് അന്തസുണ്ടെന്നും എന്നാല്‍ അന്തസില്ലാത്ത പൊലീസ് നായയാണ് മനോജ് എബ്രഹാമെന്നുമായിരുന്നു ഗോപാലകൃഷ‌്ണന്‍റെ അധിക്ഷേപം. മനോജ് എബ്രഹാമിന് പ്രമോഷന്‍ കിട്ടണമെങ്കില്‍ ഇനി സെന്‍ട്രല്‍ ട്രൈബ്യൂണലില്‍ പോയി നില്‍ക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ‌്തു. ഇത‌് സാമൂഹ്യ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും സംപ്രേക്ഷണം നടത്തിയിരുന്നു.

അനധികൃതമായി സംഘം ചേർന്നതിനും റോഡ‌് ഉപരോധിച്ച‌് ഗതാഗതം തടസ്സപ്പെടുത്തിയതിരും ബി ഗോപാലകൃഷ‌്ണൻ, ബിജെപി ജില്ല പ്രസിഡന്‍റ് എന്‍ കെ മോഹന്‍ദാസ്, മധ്യമേഖല ജന. സെക്രട്ടറി എന്‍ പി ശങ്കരന്‍ കുട്ടി,  എ എന്‍ മധു, കെ എസ് ഷൈജു, നെടുമ്പാശ്ശേരി രവി, രേണുകാ സുരേഷ് എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ സെൻട്രൽ പൊലീസ‌് കേസ‌് രജിസ‌്റ്റർ ചെയ‌്തിരുന്നു. പൊലിസ‌് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന‌്(ഐപിസി 506) കൂടി ഗോപാലകൃഷ‌്ണന്റെ പേരിൽ കേസുണ്ട‌്. വിവാദ പ്രസംഗവും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട‌്. പൊലീസ‌ിന‌് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ‌് ഗോപാലകൃഷ‌്ണൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ‌് ചെയ്യാനൊരുങ്ങുന്നത‌്