വീട്ടിലെ പടക്കയൂണിറ്റ് പൊട്ടിത്തെറിച്ചു; നാല് പേരുടെ നില ഗുരുതരം,അയല്‍ വീടുകളും തകര്‍ന്നു

ആലപ്പുഴ: വീടിനുള്ളില്‍ അനധികൃതമായി നടത്തിയ പടക്ക നിര്‍മാണ യൂണിറ്റ് പൊട്ടിത്തെറിച്ചു. ഒന്‍പത് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ലൈസന്‍സ് പ്രകാരം 5 കിലോ നിര്‍മിച്ച പടക്കവും 25 കിലോ ഫാന്‍സി പടക്കവും മാത്രമേ വില്‍ക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സ്ഥാപനത്തിന്റെ അയല്‍ വീടുകള്‍ക്ക് നാശ നഷ്ടമുണ്ടായി.

പുളിങ്കുന്ന് സ്വദേശി കൊച്ചുമോന്‍ ആന്റണി പുരയ്ക്കലിന്റെ ഉടമസ്ഥതയില്‍ ഉള്ള പടക്ക നിര്‍മ്മാണ യൂണീറ്റിലാണ് വെള്ളിയാഴ്ച ഉച്ചയോടെ അപകടം സംഭവിച്ചത്.വലിയ പള്ളിക്ക് സമീപമുള്ള നിര്‍മ്മാണ യൂണിറ്റും വീടും സ്‌ഫോടനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. കുറച്ചു വീടുകളുടെ ജനാലകളുടെ ചില്ലുകള്‍ തകര്‍ന്നു. ഒരു വീടിന്റെ മതില്‍ ഇടിഞ്ഞു. മറ്റൊരു വീട്ടിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നു.പുളിങ്കുന്ന് പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം മറിയാമ്മ ജോസഫിന്റെ ഭര്‍ത്താവ് റെജി, മീനു, ബിന്ദു ,ഷേര്‍ളി എന്നിവര്‍ക്കാണ് ഗുരുതര പരിക്ക്.സരസമ്മ, ഓമന, ഷീല, ഏലിയാമ്മ, തോമസ് എന്നിവര്‍ക്കും പൊള്ളലേറ്റു.

Loading...

എല്ലാവരും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കൊച്ചുമോന്റെ ബന്ധുക്കളും അയല്‍വാസികളുമാണ് ഇവരെല്ലാം. വീടിനോട് ചേര്‍ന്നു പടക്ക നിര്‍മാണത്തിനായി തയാറാക്കിയ ഷെഡിലാണ് സ്‌ഫോടനം ഉണ്ടായത്.സ്‌ഫോടന ശബ്ദം കേട്ട നാട്ടുകാര്‍ അഗ്‌നിശമന സേനയേയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥാപനത്തിന് പടക്ക വില്‍പ്പനക്കുള്ള ലൈസന്‍സ് മാത്രമാണുള്ളത്.ലൈസന്‍സ് പ്രകാരം 5 കിലോ നിര്‍മ്മിച്ച പടക്കവും 25 കിലോ ഫാന്‍സി പടക്കവും മാത്രമേ വില്‍ക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളു.