ചെന്നൈ: ലോക്ക്ഡൗണ്‍ കാലത്ത് നമുക്ക് ചുറ്റും ഉള്ളത് ദയനീയമായ ഒരുപാട് കാഴ്ചകളാണ്. സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ കാല്‍നടയാത്രയില്‍ പോകുന്ന മനുഷ്യര്‍, തക്കസമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിയാത്തതിനാല്‍ മരണത്തിന് കീഴടങ്ങേണ്ടി വരുന്നവര്‍, അങ്ങനെ നിരവധി സങ്കടകരമമായ കാഴ്ചകളാണ് സമൂഹത്തിലുള്ളത്. ഇത്തരത്തില്‍ കണ്ണീര്ക്കാഴ്ചകളിലൊന്നായി മാറിയിരിക്കുകയാണ് ജയയുടെ ജീവിതം. ചൈന്നൈയിലാണ് ജയ താമസിക്കുന്നത്. ജന്മനാ കാഴ്ച ശക്തിയില്ല. ഭര്‍ത്താവും ജയയും മാത്രമാണ് താമസം. പതിവുപോലെ ഭര്‍ത്താവിന് അടുത്തിരുന്ന് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു ജയ.
എന്നാല്‍ ഭര്‍ത്താവില്‍ നിന്നും മറുപടിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് ജയ കുലുക്കി വിളിച്ചു നോക്കി. എന്നിട്ടും മറുപടിയില്ല. ഒടുവില്‍ ആഹാരവിതരണത്തിനെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ വന്ന് പരിശോധിച്ചപ്പോഴാണ് തങ്കപ്പന് മരിച്ച വിവരം അറിയുന്നത്. തങ്കപ്പനെ കഴിഞ്ഞ ദിവസം ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇയാളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഫലം ലഭിച്ചില്ല. ഈ സാഹചര്യത്തിലായിരുന്നു ജയയെ ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനിലും ആക്കിയത്.
കോട്ടയം സ്വദേശിയാണ് തങ്കപ്പന്. നാലു വര്‍ഷം മുന്‍പാണ് ചെന്നൈക്കാരി ജയയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. മൈലാപൂരിലെ ക്ഷേത്രപരിസരത്തുവെച്ചാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടുന്നത്. ആനപാപ്പാനായിരുന്നു എന്ന് പറഞ്ഞ കാര്യം മാത്രമാണ് ജയയ്ക്ക് ഓര്മയുള്ളത്. ജന്മനാ കാഴ്ചയില്ലാതിരുന്ന ജയയ്ക്ക് പിന്നീട് തങ്കപ്പന് തുണയായിരുന്നു. ക്രമേണ തങ്കപ്പന്റെ കാഴ്ചയും ഇല്ലാതായി. ഇരുവരും പരസ്പരം തുണച്ചായിരുന്നു ജീവിതം മുന്നോട്ട് നീക്കിയിരുന്നത്. റോഡരികില്‍ സന്നദ്ധപ്രവര്‍ത്തകര്‍ നല്കിയ മുച്ചക്ര വാഹനത്തില്‍ ടാര്‍പോളിന്‍ മൂടിയായിരുന്നു ഇരുവരും ജീവിതം തള്ളിനീക്കിയിരുന്നത്.