ഇടിച്ച കപ്പല്‍ അല്‍പനേരം നിര്‍ത്തിയ ശേഷം ഓടിച്ചുപോയെന്ന് രക്ഷപ്പെട്ടയാള്‍

കൊച്ചി: മുനമ്പത്തുനിന്നു പോയ മീന്‍പിടിത്ത ബോട്ടിലിടിച്ച കപ്പല്‍ കണ്ടെത്തിയതായി സൂചന. ഇന്ത്യന്‍ ചരക്കുകപ്പലായ ‘ദേശ് ശക്തി’യാണ് അപകടമുണ്ടാക്കിയത്. അപകടസമയത്ത് മറ്റെല്ലാവരും ഉറക്കത്തിലായിരുന്നുവെന്ന് ബോട്ട് ഓടിച്ച എഡ്വിന്‍ പറഞ്ഞു. അപകടത്തില്‍ ബോട്ട് നെടുകെ പിളര്‍ന്നു. നാല് മണിക്കൂര്‍ കടലില്‍ കിടന്ന ശേഷമാണ് രക്ഷപ്പെടാനായത്. ഇടിച്ച കപ്പല്‍ അല്‍പനേരം നിര്‍ത്തിയ ശേഷം ഓടിച്ചുപോയെന്ന് എഡ്വിന്‍ പറഞ്ഞു.

ഇന്നലെ മുനമ്പത്തുനിന്നു പോയ മീന്‍പിടിത്ത ബോട്ടില്‍ കപ്പലിടിച്ചു മൂന്നു പേരാണ് മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. ഒന്‍പതു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ആലുവ ഡിവൈഎസ്പി എന്‍.ആര്‍. ജയരാജ് പറഞ്ഞു. തമിഴ്‌നാട് രാമന്‍തുറ സ്വദേശികളായ യുഗനാഥന്‍ (45), മണക്കുടി (50), യാക്കൂബ് (57) എന്നിവരാണു മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ചു. ആകെ 14 പേരാണു ബോട്ടിലുണ്ടായിരുന്നത്. കാണാതായവരില്‍ മുനമ്പം മാല്യങ്കര സ്വദേശി ഷിജുവും ഉള്‍പ്പെടുന്നു. മറ്റു തമിഴ്‌നാട് സ്വദേശികള്‍ ബന്ധുക്കളാണ്.

അതേസമയം, സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയന്‍, എറണാകുളം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താനും കപ്പൽ കണ്ടെത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനായി നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.