മംഗളൂരു വിമാനത്താവളത്തിലെ സ്‌ഫോടനശ്രമം; വിമാനത്താവളങ്ങളോടുള്ള പ്രതികാരമെന്ന് പൊലീസ്

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടനശ്രമം നടത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നു. വിമാനത്താവളങ്ങളോടുള്ള പ്രതികാരമാണ് ആദിത്യ റാവു മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടനവസ്തുക്കള്‍ വെക്കാന്‍ കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്‌ഫോടനവസ്തുക്കള്‍ വെച്ച സംഭവത്തില്‍ മാറ്റാര്‍ക്കെങ്കിലും പങ്കുള്ളതിന് തെളിവില്ലെന്നും പൊലീസ് വ്യക്തമാക്കി.
ദിവസങ്ങളെടുത്താണ് ആദിത്യറാവു സ്ഫോടക വസ്തുക്കളുണ്ടാക്കിയത്.

ആദിത്യ റാവു നേരത്തെ ബംഗളൂരു വിമാനതാവളത്തില്‍ ജോലിക്ക് അപേക്ഷിച്ചിരുന്നെങ്കിലും ജോലി ലഭിച്ചിരുന്നില്ല. ഇതാണ് വിമാനതാവളത്തോടുള്ള ദേഷ്യത്തിന് കാരണമെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഡോ പി.എസ് ഹര്‍ഷ പറഞ്ഞു. ഇയാള്‍ക്ക് സ്ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ നല്ല ധാരണയുള്ളതായും പൊലീസ് പറയുന്നു.തന്റെ കഴിവിനും യോഗ്യതക്കുമനുസരിച്ചുള്ള ജോലികിട്ടാത്തതിലുള്ള നിരാശയാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ മെക്കാനിക്കല്‍ എഞ്ചീനിയറിംഗില്‍ ബിരുദവും എം.ബി.എയും നേടിയ ആദിഥ്യ റാവു തന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലിക്കല്ല മറ്റ് ജോലികള്‍ക്കാണ് ശ്രമിച്ചത്.

Loading...

ഇയാള്‍ക്ക് മറ്റ് സംഘടനകളുമായി ബന്ധമോ ബോംബ് നിര്‍മാണത്തില്‍ മറ്റാരുടെയും സഹാമോ ലഭിച്ചതായി വിവരമില്ലെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ പി എസ് ഹര്‍ഷ പറഞ്ഞു. സ്‌ഫോടന വസ്തു നിയന്ത്രണ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആദിത്യ റാവുവിനെതിരെ കേസെടുത്തിരിക്കുന്നത്. ബംഗളൂരു വിമാനത്താവളത്തില്‍ 25,000 രൂപയുടെ ജോലി രേഖകളുടെ അഭാവത്തില്‍ നിഷേധിച്ചിരുന്നു. ഇതിന് പ്രതികാരമായി 2018 ല്‍ രണ്ടുതവണ ബംഗളൂര്‍വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം നല്‍കിയിരുന്നു.

ഭീഷണി സന്ദേശങ്ങളുടെ പേരില്‍ ആദിത്യ റാവു 11 മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. യോഗ്യതയ്ക്ക് അനുസരിച്ച ജോലി നേടാനായില്ല എന്ന നിരാശയാണ് ആദിത്യയുടെ പ്രകോപനം. ഇയാള്‍ക്കെതിരെ വിശദമായി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.