സൗദി പള്ളിയില്‍ ചാവേര്‍ സ്ഫോടനം: സൈനികരടക്കം 17 പേര്‍ കൊല്ലപ്പെട്ടു

ജിദ്ദ: സൗദി അറേബ്യയില്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ പ്രവിശ്യയിലെ ആസിറിലുള്ള ഭീകര വിരുദ്ധ സേനാ ക്യാമ്പിനകത്തെ പള്ളിയിലാണ് സ്ഫോടനം നടന്നതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ബോംബുകള്‍ ശരീരത്തില്‍ ഘടിപ്പിച്ച് എത്തിയ ആക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മരണ സംഖ്യ 17 ആണെന്ന് സൌദി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കൊല്ലപ്പെട്ടവരില്‍ ഒമ്പതു പേരും സൈനികരാണന്ന് സൌദി ടി.വി റിപ്പോര്‍ട്ട് ചെയ്തു. ബാക്കിയുള്ളവര്‍ ക്യാമ്പിലെ തൊഴിലാളികളാണ്. അബ്ഹ നഗരത്തിനടുത്തുള്ള ക്യാമ്പിലാണ് സംഭവം.

ആക്രമണത്തിന് പിന്നിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നാണ് സൂചന. എന്നാൽ, ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അയൽരാജ്യമായ യെമനിൽ ഷിയ വിഭാഗക്കാരുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിമത പ്രവർത്തനങ്ങൾക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിൽ കാംപയിൻ നടത്തി വരികയായിരുന്നു. ഇതാണോ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും വ്യക്തമല്ല.