കുപ്പിവെള്ളത്തിന് ഇനി മുതല്‍ 13 രൂപ… വി​ജ്ഞാ​പ​നം ഉടന്‍ പുറത്തിറക്കും

കുപ്പിവെള്ളത്തിന് പരമാവധി വില കുറച്ചിരിക്കുന്നു. കുപ്പിവെള്ളത്തിന് 13 രൂപയായി വില നിശ്ചയിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതനുസരിച്ച് ഇനി കേരളത്തിലാകമാനം 13 രൂപയില്‍ കൂടുതല്‍ കുപ്പിവെള്ളത്തിന് വില്‍ക്കാനാകില്ല. കഴുത്തറപ്പന്‍ വിലക്കായിരുന്നു ഇതുവരെ കുപ്പിവെള്ളം വിറ്റിരുന്നത്. 8 രൂപയ്ക്ക് കടകളില്‍ പ്ലാന്ഞുകളില്‍ നിന്ന് എത്തുന്ന കുപ്പിവെള്ളമാണ് 20 രൂപയ്ക്ക് കടകളില്‍ വിറ്റിരുന്നത്. അതായത് 12 രൂപ കൊള്ള ലാഭം എടുത്താണ് 1 ലിറ്റര്‍ വെള്ളം വിറ്റു കൊണ്ടിരുന്നത്. ആ കൊള്ള ലാഭത്തിന് പിടിവീണിരിക്കുകയാണ് ഇപ്പോള്‍. കുടിവെള്ളം വിറ്റുവരെ കൊള്ള ലാഭം കൊയ്യുന്നവര്‍ക്ക് പൂട്ടിട്ടിരിക്കുകയാണ് സര്‍ക്കാര്‍. ദൂര യാത്രകള്‍ ചെയ്യുന്നര്‍ തുടങ്ങി എല്ലാവരും കുപ്പിവെള്ളത്തെ ആശ്രയിക്കുന്നവരാണ്. വേനല്‍ക്കാലമായാല്‍ കുപ്പിവെള്ളത്തിന്റെ വിറ്റു വരവ് പൊടിപൊടിക്കുന്ന സമയം. വില എത്രയെന്ന് പോലും നോക്കാതെ എല്ലാവരും കുപ്പിവെള്ളത്തെ ആശ്രയിക്കുന്നു. അത് മുതലെടുത്ത് കൊള്ളലാഭം കൊയ്യുന്നവര്‍ക്കാണ് പണികതിട്ടിയിരിക്കുന്നത്.

സംസ്ഥാനത്തു വില്‍ക്കുന്ന കുപ്പി വെള്ളത്തിന്റെ പരമാവധി വില 13 രൂപയായി നിര്‍ണയിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവച്ചു കഴിഞ്ഞു. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവില്‍ വരുമെന്നു മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ഇപ്പോള്‍ നികുതി ഉള്‍പ്പെടെ 8 രൂപയ്ക്കാണു ഒരു ലീറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പനക്കാര്‍ക്കു ലഭിക്കുന്നത്. വില്‍ക്കുന്നതാകട്ടെ 20 രൂപയ്ക്കും. വില നിര്‍ണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് നിര്‍ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും. ഈ വ്യവസ്ഥകള്‍ അനുസരിച്ചു സംസ്ഥാനത്ത് 220 പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Loading...

കമ്പനികള്‍ ഓരോന്നും ശരാശരി 5000 ലീറ്റര്‍ കുപ്പിവെള്ളം വിപണിയില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ 200 അനധികൃത കമ്പനികളും പ്രവര്‍ത്തിക്കുന്നു. നിയമപ്രകാരം ഒരു കുപ്പിവെള്ള നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ 12 ലൈസന്‍സ് നേടണം. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്ന് സോഡ നിര്‍മാണത്തിനുള്ള ലൈസന്‍സ് നേടിയശേഷം അതിന്റെ മറവിലാണു ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം ഉല്‍പ്പാദിപ്പിക്കുന്നത്. ബിഐഎസ് നിയമം കര്‍ശനമാക്കുന്നതോടെ അനധികൃത കമ്പനികള്‍ പൂട്ടിപ്പോകുമെന്നാണു ഭക്ഷ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. 2018 മേയ് 10 നാണു കുപ്പിവെള്ളത്തിന്റ വില നിയന്ത്രിക്കാന്‍ തീരുമാനിച്ചത്. ഒരു വിഭാഗം കമ്പനികള്‍ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു മന്ത്രി പി.തിലോമത്തമന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി ധാരണയില്‍ എത്തുകയായിരുന്നു.

എന്നാല്‍ വന്‍കിട കമ്പനികള്‍ ഇതിനെ എതിര്‍ത്തു. നിര്‍മാണച്ചെലവു ചൂണ്ടിക്കാട്ടിയാണ് അവര്‍ പ്രതിരോധിച്ചത്. കുറഞ്ഞ വില 15 രൂപയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതു നിയമയുദ്ധത്തിലേക്കു നീങ്ങിയപ്പോഴാണു കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു വില നിര്‍ണയിച്ചത്. ഇതോടെ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് വെള്ളംവിറ്റ് കൊള്ളലാഭം കൊയ്യുന്നവര്‍ക്ക്. സംസ്ഥാനത്തുടനീളം ചെറുതും വലുതുമായി നിരവധി കുടിവെള്ള കമ്പനികളാണ് ഉള്ളത്. എന്നാല്‍ ഇതില്‍ മിക്കതും കൃത്യമായ രേഖകള്‍ പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്നവയാണ്. ശുദ്ധമായ വെള്ളംപോലുമാണോ വില്‍ക്കപ്പെടുന്നതെന്ന് യാതൊരു ഉറപ്പും ഇല്ല. ഇത്തരം കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കണെമന്ന് കാലങ്ങളായി ഉയരുന്ന ആരോപണമാണ്. തടിച്ച് കൊഴുക്കുന്ന വെള്ളക്കമ്പനികളുടെ ധാര്‍ഷ്ട്യത്തിന് മര്‍മ്മത്തിന് നോക്കിയുള്ള അടിയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്.

250 മില്ലി കുടിവെള്ള ബോട്ടിലുകള്‍ മുതല്‍ 20 ലിറ്റര്‍ കുടിവെള്ള കാനുകള്‍ വരെ വിവിധ കമ്പനികള്‍ വിപണിയിലെത്തിക്കുന്നുണ്ട്. 10 രൂപ മുതലാണ് കുപ്പിവെള്ളത്തിന്റെവില തുടങ്ങുന്നത്. 300 മില്ലി കുപ്പി വെള്ളത്തിന്റെ വില 10 രൂപയാണ്. ഒരു ലിറ്റര്‍ വെള്ളത്തിന് 20 രൂപയും രണ്ട് ലിറ്ററിന് 35 രൂപയുമാണ് വില. 20 ലിറ്റര്‍ വെള്ളത്തിന് 70 രൂപയും ജാറിന് 180 രൂപയും പ്രത്യേകമായും നല്‍കണം. കുപ്പിവെള്ളത്തിന് വില കുറക്കുമെന്ന് പലപ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അത് നടപ്പായിരുന്നില്ല. ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതു മുതല്‍ കേരളത്തില്‍ കുപ്പിവെള്ളത്തിന് 10 രൂപയാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വില കുറക്കാന്‍ കമ്പനികള്‍ തയ്യാറാകാതിരുന്നതോടെ വീണ്ടും ചര്‍ച്ച നടത്തി 12 രൂപയാക്കി. എന്നാല്‍, ഒരു വര്‍ഷം പിന്നിട്ടിട്ടും ഒരിടത്തും വിലകുറഞ്ഞതേയില്ല. നിലവില്‍ റെയില്‍വേ സ്റ്റേഷന് പുറമെ മറ്റുള്ള സ്ഥലങ്ങളിലെല്ലാം ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില 20 രൂപയായിരുന്നു. വില കുറയ്ക്കാന്‍ തയാറാണെങ്കിലും ബഹുരാഷ്ട്ര കമ്പനികള്‍ വിലകുറക്കാതെ അത് സാദ്ധ്യമാവില്ലെന്നാണ് കുപ്പിവെള്ള നിര്‍മാതാക്കളുടെ ന്യായം. 20 രൂപക്ക് വില്‍ക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ കച്ചവടക്കാര്‍ക്ക് 10 രൂപ ലാഭം നല്‍കും. അതിനാല്‍ 12 രൂപയുടെ വെള്ളം വില്‍ക്കാന്‍ കച്ചവടക്കാര്‍ തയാറാവില്ലെന്നതാണ് കുപ്പിവെള്ള നിര്‍മാതാക്കള്‍ പറഞ്ഞിരുന്നത്. ചില ബ്രാന്‍ഡുകള്‍ വില 12 രൂപയാക്കിയെങ്കിലും കച്ചവടക്കാര്‍ വില്‍ക്കാന്‍ തയ്യാറാകാതിരുന്നതോടെ അതും പരാജയപ്പെട്ടു. വ്യാപാരികള്‍ വില കുറക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ലിറ്ററിന് 13 രൂപയാക്കാന്‍ ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെ തീരുമാനം പ്രാവര്‍ത്തകമായിരുന്നില്ല. എന്നാല്‍ ശക്തമായ നടപടി സ്വീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇനി 13 രൂപയില്‍ കൂടുതല്‍ ഒരു രൂപ പോലും അധികത്തില്‍ കുപ്പിവെള്ളം വില്‍ക്കാനാകില്ല.