കൊല്ലം: മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കോ അവര്‍ പിരിഞ്ഞ് കഴിയുന്നതോ ഏറ്റവും അധികം ബാധിക്കുന്നത് കുരുന്ന് മനസുകളെയാണ്. മക്കള്‍ അച്ഛന്റെയും അമ്മയുടെയും സ്നേഹം ആഗ്രഹിക്കുന്നവര്‍ ആണ്. വേര്‍പിരിഞ്ഞ മാതാപിതാക്കളില്‍ അച്ഛനൊപ്പം കഴിയേണ്ടി വന്നാലും അമ്മയുടെ സ്നേഹവും ലാളനയും മക്കള്‍ ആഗ്രഹിക്കും. നേരെ മറിച്ചും. എത്ര കഷ്ടപ്പാടുകള്‍ സഹിച്ചും പിരിഞ്ഞ് കഴിയുന്ന അമ്മയുടെ അല്ലെങ്കില്‍ അച്ഛന്റെ അരികില്‍ അവര്‍ എത്തും. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്നത്.
അമ്മയെയും സഹോദരിയെയും ഒന്ന് കാണാന്‍ വേണ്ടി സ്കൂളില്‍ നിന്നും ആരും അറിയാതെ പത്ത് വയസുകാരന് ഇറങ്ങി പോയി. പൊരിവെയിലത്ത് പത്ത് കിലോ മീറ്റര്‍ നടന്നു. മാതാപിതാക്കള്‍ വേര് പിരിഞ്ഞ് കഴിയുന്നതിനാല്‍ അച്ഛനോട് ഒപ്പം ആയിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. തുടര്‍ന്നാണ് അമ്മയെയും സഹോദരിയെയും കാണാനായി കുട്ടി ഇത്തരത്തില്‍ സ്കൂളില്‍ നിന്നും പുറത്തിറങ്ങി നടന്നത്. ഇന്നലെ കൊല്ലം ചാത്തന്നൂരിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പൂയപ്പള്ളിയിലുള്ള ഒരു സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് തന്റെ അമ്മയെയും സഹോദരിയെയും ഒരു നോക്ക് കാണാനായി ഭക്ഷണം പോലും കഴിക്കാത് പത്ത് കിലോമീറ്ററുകളോളം നടന്നത്.
ദമ്പതികള്‍ വേര് പിരിഞ്ഞതോടെ മകള്‍ അമ്മയുടെ കൂടെയും മകന് അച്ഛന്റെ കൂടെയുമായിരുന്നു. അമ്മയും മകളും ചാത്തന്നൂര്‍ കുമ്മല്ലൂരിലും അച്ഛനും മകനും പൂയപ്പള്ളിയിലുമാണ് കഴിയുന്നത്. സ്കൂളില്‍ ഇന്നലെ കലാ പരിപാടികള്‍ ആയിരുന്നു. ഇതിനിടെയാണ് അമ്മയെയും സഹോദരിയെയും കാണാന്‍ ആരോടും പറയാതെ കുട്ടി സ്കൂള്‍ വിട്ട് ഇറങ്ങിയത്. ഉച്ചഭക്ഷണം പോലും കുട്ടി കഴിച്ചിരുന്നില്ല. പൊരി വെയിലത്ത് നടന്ന് ക്ഷീണിച്ചപ്പോള്‍ ദാഹം സഹിക്കാന്‍ ആവാതെ വഴിവക്കിലെ വീട്ടില്‍ നിന്നു വെള്ളം വാങ്ങി കുടിച്ചശേഷം നടത്തം തുടര്‍ന്നു.
അതിനിടെ കുട്ടിക്ക് വഴിതെറ്റി ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം ചേന്നമത്ത് ക്ഷേത്രത്തിനു സമീപം എത്തി. അപ്പോഴേക്കും സന്ധ്യയായിരുന്നു. ഇവിടെ വെള്ളം കുടിച്ചു ചുറ്റിപ്പറ്റി നില്ക്കുന്നതു കണ്ട് നാട്ടുകാര്‍ക്കു സംശയം തോന്നി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഏഴു മണിയോടെ പൊലീസ് എത്തി ചാത്തന്നൂര്‍ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. അമ്മ താമസിക്കുന്ന സ്ഥലത്തെക്കുറിച്ചു വ്യക്തമായ വിവരം നല്കാന് കുട്ടിക്ക് അറിയില്ലായിരുന്നു. ബാഗ് പരിശോധിച്ചപ്പോള്‍ സ്കൂളിനെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഈ സമയം ബന്ധുക്കള്‍ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പൂയപ്പള്ളി സ്റ്റേഷനില്‍ എത്തിയിരുന്നു. വിശന്നു വലഞ്ഞ കുട്ടിക്ക് ജ്യൂസ് ഉള്‍പ്പെടെ ആഹാരവും പൊലീസ് വാങ്ങി നല്കി. രാത്രി ബന്ധുക്കള്‍ക്കൊപ്പം വിട്ടു.