രാജസ്ഥാനിലെ പൊഖ്‌റാനില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് ഭൂതല ക്രൂസ് മിസൈല്‍ ഇന്ത്യന്‍ ആര്‍മി വിജയകരമായി പരീക്ഷിച്ചു. മൊബൈല്‍ ഓട്ടോണമസ് ലോഞ്ചറില്‍ നിന്നാണു ശനിയാഴ്ച രാവിലെ 10 മണിയോടെ വിക്ഷേപിച്ചത്. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലിന്റെ പരിധി 300 കിലോമീറ്ററാണ്.

ബ്രഹ്മോസിന്റെ 50–ാം പരീക്ഷണ വിക്ഷേപണമാണ് നടന്നത്. ഇന്ത്യന്‍ കരസേനയില്‍ നിലവില്‍ മൂന്ന് റെജിമെന്‍റ് ബ്രഹ്മോസ് മിസൈലുകളുണ്ട്. ഈ വര്‍ഷം മേയ് എട്ട്, ഒമ്പത് തീയതികളിലായി അവയുടെ പരീക്ഷണം വിജയകരമായി നടന്നിരുന്നു. കരയാക്രമണത്തിന് ഉപയോഗിക്കുന്ന അതിശക്തമായ ബ്രഹ്മോസ് മിസൈലുകള്‍ 2007 മുതല്‍ സേനയുടെ ഭാഗമാണ്.

Loading...

കരയില്‍നിന്നും കടലില്‍നിന്നും കടലിനടിയില്‍നിന്നും ആകാശത്തുനിന്നും കരയിലേക്കും കടലിലേക്കുമുള്ള ലക്ഷ്യങ്ങളിലേക്ക് തൊടുക്കാന്‍ പ്രാപ്തിയുള്ള മിസൈലാണ് ബ്രഹ്മോസ്. ഡി.ആര്‍.ഡി.ഒയും റഷ്യയിലെ എന്‍.പി.ഒ.എമ്മും ചേര്‍ന്നുള്ള മിസൈല്‍ സാങ്കേതിക വിദ്യയാണ് ബ്രഹ്മോസ്.

നേരത്തെ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൊച്ചിയില്‍നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ വിക്ഷേപണം വിജയകരമായി പരീക്ഷിച്ചിരുന്നു. 290 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യമാണ് ബ്രഹ്മോസ് തകര്‍ത്തത്. ‘ആലപ്പി’ എന്നുപേരുള്ള ഡീകമ്മിഷന്‍ ചെയ്ത പഴയ കപ്പലായിരുന്നു ലക്ഷ്യം. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തായിരുന്നു പരീക്ഷണം.

കൊച്ചിയില്‍ പരീക്ഷിച്ച ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പരമാവധി പരിധി 290 കിലോമീറ്ററായിരുന്നു. ഇന്ത്യ – റഷ്യ സംയുക്ത നിര്‍മിതിയായ ബ്രഹ്മോസ് മിസൈല്‍ 2005 മുതല്‍ ഇന്ത്യന്‍ നാവികസേനയ്‌ക്കൊപ്പമുണ്ട്.

അതേസമയം, ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിക്കുന്ന പുതിയ ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ് രണ്ട്. ലോകത്തിലെ ആദ്യ ഹൈപ്പര്‍സോണിക് മിസൈലാണ് ബ്രഹ്മോസ് രണ്ട്. ശബ്ദത്തെക്കാള്‍ അഞ്ചു മുതല്‍ ഏഴിരട്ടി വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ് ഈ മിസൈല്‍.

മണിക്കൂറില്‍ 10,000 കിലോമീറ്റര്‍ വേഗമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെയുള്ള പരീക്ഷണങ്ങളില്‍ ഇതിന്റെ വേഗം കണക്കാക്കിയിരിക്കുന്നത് മാക് 7 ആണ് (8,575 km/h; 5,328 mph; 2.3820 km/s).

ബ്രഹ്മോസ് രണ്ട് എന്ന് പേരിട്ടിരിക്കുന്ന മിസൈലിന്റെ സാങ്കേതിക പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങള്‍ നടന്നുവരികയാണ്. അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ പേരിലായിരിക്കും ഈ മിസൈല്‍ അറിയപ്പെടുക. ഇതിന്റെ പരീക്ഷണം വിജയിച്ചാല്‍ ലോകത്തെ തന്നെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈല്‍ സ്വന്തമാക്കാന്‍ കഴിഞ്ഞെന്ന റെക്കോര്‍ഡ് ഇന്ത്യയ്ക്കും റഷ്യയ്ക്കും സ്വന്തമാക്കാനാകും.

മണിക്കൂറില്‍ 3,000 കിലോമീറ്റര്‍ വേഗതയുള്ള ബ്രഹ്മോസ് ഒന്നിനെക്കാളും വലിപ്പം കുറഞ്ഞതാണ് ഹൈപ്പര്‍സോണിക്. ഇത് വിജയിച്ചാല്‍ ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ നേട്ടമാകും. 2017 ല്‍ ബ്രഹ്മോസ് രണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. കപ്പല്‍, അന്തര്‍വാഹിനി, വിമാനം, മൊബൈല്‍ ലോഞ്ചറുകളില്‍ നിന്നും ഇത് വിക്ഷേപിക്കാനാകും.

ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പരിധി കൂട്ടാനായാല്‍ ലോകത്ത് എവിടെയും മണിക്കൂറുകള്‍ക്കകം ബോംബിട്ട് ചുട്ടുചാമ്പലാക്കാന്‍ കഴിയുമെന്നാണ് ടെക്ക് വിദഗ്ധര്‍ പറയുന്നത്.