വിവാഹം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധു കുഴഞ്ഞുവീണു മരിച്ചു. ബീഹാറിലെ മുന്‍ഗര്‍ ജില്ലയിലാണ് അതിദാരുണമായ സംഭവം നടന്നത്. വിവാഹം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കകമാണ് സന്തോഷം സങ്കടത്തിന് വഴി മാറിയത്. കല്യാണവീട് മരണവീടായി മാറിയതിന്റെ ഞെട്ടലിലാണ് കുടുംബക്കാരും ബന്ധുക്കളും. മുന്‍ഗെര്‍ ജില്ലയിലെ ഖുദിയ ഗ്രാമത്തിലെ നിഷ കുമാരിയുടെയും രഞ്ജന്‍ യാദവ് എന്ന രഞ്ജയിയുടെ വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. നേരത്തെ നിശ്ചയിച്ചതനുസരിച്ച് മെയ് എട്ടിന് തന്നെ വിവാഹം നടന്നു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് കുറച്ച് പേര്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളൂ.
എല്ലാ ആചാരാനുഷ്ഠാനങ്ങളോടെയും നടന്ന വിവാഹം ചടങ്ങുകള്‍ക്ക് ശേഷം നിഷയ്ക്ക് പെട്ടെന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനാല്‍ നിഷയെ താരാപൂരിലെ ഒരു കമ്മ്യൂണിറ്റി സെന്ററില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതനുസരിച് ഭാഗല്‍പൂരിലേക്ക് കൊണ്ടുപോയി. ചികിത്സയിലായിരിക്കെ നിഷ മരിച്ചു. വധുവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ സംസ്‌കരിക്കുകയും ഭര്‍ത്താവ് തന്നെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തു.