വരന്റെ പിതാവ് സഹോദരിയെ ചുംബിച്ചു: വധു വിവാഹത്തിൽ നിന്ന് പിന്മാറി

കാൺപൂർ: വരന്റെ പിതാവ് നടത്തിയ സദാചാരവിരുദ്ധമായ പ്രവൃത്തിയിൽ രോഷാകുലയായ പെൺകുട്ടി വിവാഹത്തിന് വിസമ്മതിച്ചു. കാൺപൂർ ഫറൂഖാബാദിലെ നഗ്‌ല ഗ്രാമസ്വദേശിയായ പരമേശ്വരി ദയാലിന്റെ മകൾ രുചിയാണ് വരന്റെ പിതാവ് ബന്ധുവായ പെൺകുട്ടിയെ ചുംബിച്ച കാരണത്താൽ വിവാഹത്തിൽ നിന്നു പിൻമാറിയത്.

ജയ്‌താരയിലെ ബാബുറാമിന്റെ മകൻ രാജേഷുമായി തീരുമാനിച്ചിരുന്ന രുചിയുടെ വിവാഹം ജയ്മൽ ചടങ്ങിനിടെയാണ് പ്രശ്നത്തിൽ കലാശിച്ചത് . വിവാഹദിവസം ജയ്മൽ ചടങ്ങിനായി വധൂഗൃഹത്തിലെത്തിയപ്പോഴാണ് ബാബുറാം വധുവിനൊപ്പം വേദി പങ്കിട്ട ബന്ധുവായ പെൺകുട്ടിയെ ചുംബിച്ചത്. വധുവിന്റെ കുടുംബാംഗങ്ങൾക്കിടയിൽ ഇത് കടുത്ത അതൃപ്തിക്കിടയാക്കി. ബാബുറാമിന്റെ പെരുമാറ്റത്തിൽ രോഷം പ്രകടിപ്പിച്ച രുചി കല്യാണപാർട്ടിയോട് ഉടനെതന്നെ മടങ്ങാൻ ആവശ്യപ്പെട്ടു. പ്രശ്നം വഷളാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ബാബുറാം പെൺകുട്ടിയോടും മാതാപിതാക്കളോടും പരസ്യമായി ക്ഷമാപണം നടത്തി.

Loading...

തുടർന്ന് കുടുംബാംഗങ്ങൾ ഒത്തുതീർപ്പിന് തയ്യാറായെങ്കിലും രുചി ക്ഷമിക്കാൻ കൂട്ടാക്കിയില്ല. മാത്രമല്ല വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി ചിലവായ 27,900 രൂപയും വരന് നൽകിയ പാരിതോഷികങ്ങളും തിരികെ വാങ്ങിയതിനു ശേഷം മാത്രമാണ് വിവാഹപാർട്ടിയെ തിരിച്ചു പോകാനനുവദിച്ചത്.