ഐസ്ക്രീം വാങ്ങാൻ പോയി മടങ്ങിയ 16കാരിയെ ഊബർ കാറിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തു എന്ന കേസിലാണ് മലയാളിയായ അനിൽ ഇലവത്തുങ്കൽ തോമസ് വിചാരണ നേരിടുന്നത്. വിചാരണയുടെ ആദ്യ ദിവസം അനിൽ തോമസ് കുറ്റം നിഷേധിച്ചിരുന്നു. രണ്ടാം ദിവസത്തെ വിചാരണയിൽ അനിൽ തോമസിന്റെ വാദം ബ്രിസ്ബൈൻ ജില്ലാ കോടതി കേട്ടു. കരഞ്ഞുകൊണ്ടാണ് സാക്ഷിക്കൂട്ടിൽ നിന്ന് അനിൽ തോമസ് സ്വന്തം ഭാഗം വിശദീകരിച്ചതെന്ന് കൊറിയർ മെയിൽ റിപ്പോർട്ട് ചെയ്തു.പെൺകുട്ടി ആരോപിക്കുന്ന പോലെ ബലാത്സംഗം നടന്നിട്ടില്ലെന്നും, പെൺകുട്ടിയുടെ പ്രലോഭനം തടയാനാകാതെയാണ് താൻ ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെട്ടതെന്നും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അനിൽ തോമസ് പറഞ്ഞു.
കരഞ്ഞുകലങ്ങിയ കണ്ണുകളും, കാലുകളിൽ നിറയെ ചെളിയുമായാണ് സംഭവ ദിവസം 16കാരി തന്റെ കാറിൽ കയറിയത്. കാമുകനുമായി വഴക്കിട്ടെന്ന് പറഞ്ഞ പെൺകുട്ടി, മദ്യപിക്കാനായി പല തവണ തന്നോട് പണം ആവശ്യപ്പെട്ടെന്നും അനിൽ തോമസ് പറഞ്ഞു.കൈയിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ പെൺകുട്ടി രോഷാകുലയായി. ഇറങ്ങേണ്ട സ്ഥലത്തിന് അടുത്തെത്തിയപ്പോൾ കാർ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടാനും, പണമില്ലാത്തതിനാൽ ഊബർ അക്കൗണ്ട് ഓഫ് ചെയ്യാനും ആവശ്യപ്പെട്ടു. കാർ ഒരു മരത്തിന് ചുവട്ടിൽ നിർത്താൻ ആവശ്യപ്പെട്ട പെൺകുട്ടി, താനുമായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് നിർബന്ധിച്ചതായി അനിൽ ഇലവത്തുങ്കൽ തോമസ് പറഞ്ഞു.
തന്നെ നിർബന്ധമായി സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തു. ആദ്യം ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും കുറച്ചുനേരം കഴിഞ്ഞപ്പോൾ തന്റെ നിയന്ത്രണം നഷ്ടമായെന്നും അനിൽ തോമസ് വാദിച്ചു.തുടർന്ന് പെൺകുട്ടിയുമായി ചില ലൈംഗിക ചേഷ്ടകളിലേർപ്പെട്ടുവെന്നും, എന്നാൽ പെൺകുട്ടി അവകാശപ്പെടുന്നപോലെ ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.പെൺകുട്ടിയും അമ്മയും തമ്മിൽ ഫോണിൽ അയച്ച സന്ദേശങ്ങൾ പ്രതിഭാഗം കോടതിയെ വായിച്ചുകേൾപ്പിച്ചു.സംഭത്തെക്കുറിച്ച് പൊലീസിലറിയിച്ചോ എന്നു ചോദിച്ച അമ്മയോട് പെൺകുട്ടി നിരവധി ഒഴിവുകഴിവുകൾ പറഞ്ഞതായാണ് മൊബൈൽ സന്ദേശങ്ങളിൽ നിന്ന് പ്രതിഭാഗം വായിച്ചത്. പിന്നീട് പെൺകുട്ടിയെ അമ്മ ഫേസ്ബുക്കിൽ അൺഫ്രണ്ട് ചെയ്തതായും അനിൽ തോമസിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.എന്നാൽ 16കാരിയായ പെൺകുട്ടിയോട് ഇടപെടുന്നത് അത്ര എളുപ്പമല്ലെന്നും, തങ്ങൾ തമ്മിൽ ആ സമയത്ത് നല്ല ബന്ധത്തിലല്ലായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ കോടയിൽ മറുപടി നൽകിയതായി കൊറിയർ മെയിൽ റിപ്പോർട്ട് ചെയ്തു.കേസിലെ വിചാരണ നടപടികൾ തുടരുകയാണ്.