ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായിതുടരുമ്പോള്‍ തന്നെയാണ് ഇറാനും ബ്രിട്ടനും തമ്മിലുള്ള സംഘര്‍ഷവും അതിരൂക്ഷമാകുന്നത്. ഇറാന്റെ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ ബ്രിട്ടീഷ് നാവിക സേന പിടികൂടിയതിന് അതി ശക്തമായ തിരിച്ചടിയാണ് ഇറാന് നല്‍കിയിട്ടുള്ളത്. പിടിച്ചെടുത്ത കപ്പലില്‍ മലയാളികളും ഉണ്ട്.
കപ്പല്‍ പിടിച്ചെടുക്കുന്നത് തടയാന്‍ ബ്രിട്ടീഷ് നാവിക സേന നടത്തിയ ശ്രമവും, അത് ഇറാന് അവഗണിച്ചതും സംബന്ധിച്ച വ്യക്തമായ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ബ്രീട്ടീഷ് യുദ്ധക്കപ്പലില്‍നിന്നുള്ള ഉദ്യോഗസ്ഥരും ഇറാന് സൈന്യവും തമ്മിലുള്ള സംഭാഷണം പുറത്ത്. രൂക്ഷമായ തര്‍ക്കമാണ് ഇരുഭാഗവും തമ്മിലുണ്ടായതെന്ന് റേഡിയോ സന്ദേശങ്ങള്‍ വെളിവാക്കുന്നു. ബ്രിട്ടീഷ് കപ്പലായ സ്റ്റെനൊ ഇംപെറൊ പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്ബുനടന്ന സംഭാഷണമാണ് ഇറാന് വാര്‍ത്താ ഏജന്‍സി ഫാര്‍സ് പുറത്തുവിട്ടത്.
ബ്രിട്ടന്റെ യുദ്ധക്കപ്പലില്‍നിന്ന് ഇറാന് സായുധസേനയെ താക്കീത് ചെയ്യുന്നതാണ് സന്ദേശത്തില്‍ വ്യക്തമാകുന്നത്. ഗതി മാറ്റി കപ്പല്‍ പോവുകയാണെങ്കില്‍ സുരക്ഷിതരായിരിക്കുമെന്ന് റേഡിയോ സന്ദേശത്തില്‍ കേള്‍ക്കാം. സുരക്ഷാ കാരണങ്ങളാല്‍ എണ്ണക്കപ്പല്‍ പരിശോധിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി ബ്രിട്ടന്റെ എച്ച്എംഎസ് മോന്ഡ്രോസിനോട് ഇറാന് ആവശ്യപ്പട്ടിരുന്നു.
ശനിയാഴ്ച ഹോര്‍മൂസ് കടലിടുക്കില്‍വച്ചാണ് സ്റ്റെനൊ ഇംപെറൊയെ ഇറാനിയന്‍ റെവലൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. തുടര്‍ന്ന് കപ്പലിലെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. രണ്ട് ആഴ്ച മുമ്ബാണ് ഇറാന്റെ ഗ്രയ്സ് വണ്‍ എണ്ണക്കപ്പല്‍ ബ്രിട്ടന് പിടിച്ചെടുത്തത്. സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ചായിരുന്നു അത്. വിഷയത്തില്‍ ബ്രിട്ടന്റെ തുടര്‍നടപടികള്‍ എന്തെന്ന് വൈകാതെ അറിയിക്കുമെന്ന് ബ്രിട്ടന് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു.