ജോളിക്ക് പണത്തോട് ആർത്തി ആയിരുന്നെന്ന് സഹോദരൻ

ജോളിക്ക് പണത്തോട് ആർത്തി ആയിരുന്നെന്ന് സഹോദരൻ. എത്ര പണം കിട്ടിയാലും ജോളിക്ക്‌ തികയാറില്ലായിരുന്നുവെന്നും സഹോദരൻ നോബി പറഞ്ഞു. പണം ആവശ്യപ്പെട്ട് എപ്പോഴും ജോളി വിളിക്കാറുണ്ടായിരുന്നുവെന്നും നോബി പറഞ്ഞു.

ഭർത്താവ് റോയിയുടെ മരണശേഷം ജോളിക്കും മക്കൾക്കും ചെലവിന് നൽകി. ജോളിക്ക് ജോലി ഇല്ലെന്ന കാര്യം മുൻപുതന്നെ പറഞ്ഞിട്ടുണ്ട്. സാമ്പത്തിക ഞെരുക്കം ഉണ്ടെന്നും സഹായിക്കണമെന്നും പറയാറുണ്ട്. മക്കളുടെ പഠനത്തിനുള്ള ഫീസും പിതാവാണ് നൽകിയിരുന്നത്. എന്നാൽ ജോളിക്ക് പണത്തോട് ആർത്തിയുണ്ടായിരുന്നു. എത്രകിട്ടിയാലും ആവശ്യങ്ങൾ ബാക്കിയാണ്.

ജോളിയുടെ ധൂർത്ത് അച്ഛൻ എതിർത്തിരുന്നു. ഇതിനെപ്പറ്റി പല തവണ ജോളിയോട് താനും പിതാവും പരാതിപ്പെട്ടിട്ടുണ്ട്. ഈ ധൂർത്ത് കാരണം മക്കൾക്ക് ആവശ്യമായ പണം അവരുടെ അക്കൗണ്ടുകളിലേക്ക് തന്നെ ഇട്ടുകൊടുക്കുകയാണു പതിവ്. ഇതേപ്പറ്റിയും ജോളി പരാതി പറയാറുണ്ട്. കഴിഞ്ഞ ഓണത്തിനാണ് ജോളി അവസാനമായി കട്ടപ്പനയിലെ വീട്ടിലെത്തിയത്. അന്ന് തിരികെ പോകും വഴിയും പണം നൽകിയതായി നോബി പറഞ്ഞു.