ബലാത്സംഗ കേസില്‍ പ്രതിയായ സ്ഥാനാര്‍ത്ഥി ഒളിവില്‍, വോട്ടഭ്യര്‍ത്ഥിച്ച് മായാവതിയും അഖിലേഷ് യാദവും

ബലാത്സംഗ കേസില്‍ കുറ്റാരോപിതനായി ഒളിവില്‍ പോയ ബി.എസ്.പി സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലുള്ള ഖോഷി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി അതുല്‍ റായിക്ക് വേണ്ടിയാണ് ഇരുവരും വോട്ടഭ്യര്‍ത്ഥിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി റായ് ഒളിവിലാണ്. കേസില്‍ പ്രതിയാക്കപ്പെട്ട ശേഷമാണ് റായ് ഒളിവില്‍ പോകുന്നത്.

മേയ് ഒന്നിനാണ് അതുല്‍ റായിക്കെതിരെ ബലാത്സംഗ കുറ്റത്തിന് കേസ് എടുക്കുന്നത്. അതിന് ശേഷം റായുടെ അനുയായികളാണ് അദ്ദേഹത്തിന് വേണ്ടി പ്രചാരണം നയിക്കുന്നത്. റായ് നിരപരാധിയാണെന്നും, അദ്ദേഹത്തെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നുമാണ് ഇവര്‍ വോട്ടര്‍മാരോട് പറയുന്നത്.

Loading...

വാരണാസിയിലെ ഒരു കോളേജിലെ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റായിക്കെതിരെ പോലീസ് കേസ് എടുത്തത്. അതേസമയം,? റായ് മലേഷ്യയിലേക്ക് രക്ഷപെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പോലീസ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. മേയ് 23വരെയെങ്കിലും റായിയെ അറസ്റ്റ് ചെയ്യുന്നത് തടയാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചതായും വിവരമുണ്ട്.