കുമളിയെ മുള്‍മുനയില്‍ നിര്‍ത്തിയ എരുമയെ പോലീസ് നോക്കിനില്‍ക്കെ പത്രക്കാരന്‍ വെടിവെച്ചുകൊന്നു

കുമളി: അറക്കാന്‍ വിസമ്മതിച്ച എരുമ നാട്ടുകാരെ വെള്ളം കുടുപ്പിച്ചു. വിവാഹ സല്‍ക്കാരത്തിനു അറക്കാന്‍ കൊണ്ടുവന്ന എരുമ വിരണ്ടോടി നിരവധി പേരെ ആക്രമിച്ചു. ഏക്കര്‍ കണക്കിനു സ്‌ഥലത്തെ കൃഷിയും നശിപ്പിച്ചു. 19 മണിക്കൂര്‍ നാടിനെ മുള്‍മുനനിയില്‍ നിര്‍ത്തിയ എരുമയെ ഒടുവില്‍ പോലീസിന്റെ നിര്‍ദേശപ്രകാരം പത്രലേഖകന്‍ വെടിവച്ചു വീഴ്‌ത്തി.

ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചിനാണ്‌ ഒട്ടകത്തലമേട്‌ കാഞ്ഞിരത്തിങ്കല്‍ ബിനുവിന്റെ ഉടമസ്‌ഥതയിലുള്ള എരുമ വിരണ്ടോടിയത്‌. ബിനുവും അയല്‍വാസിയായ മേത്തനത്ത്‌ ബിനോയിയും ചേര്‍ന്ന്‌ എരുമയെ പിടികൂടാന്‍ പിന്നാലെ പാഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഓടുന്നതിനിടെ ബിനുവും ബിനോയിയും കുഴിയില്‍ പതിച്ചു. ഇവരുടെ ദേഹത്തു ചവിട്ടിയാണ്‌ എരുമ പാഞ്ഞുപോയത്‌. ഇരുവര്‍ക്കും പരുക്കേറ്റിട്ടുണ്ട്‌. അട്ടപ്പള്ളം സ്വദേശി കുറുവച്ചന്റെ വീട്ടുമുറ്റത്തെത്തിയ എരുമ കുടുംബാംഗങ്ങളെയും ആക്രമിച്ചു. വസ്‌ത്രം കഴുകുകയായിരുന്ന കുറുവച്ചന്റെ മകളും കുട്ടികളും വീടിനുള്ളിലേക്ക്‌ ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ എരുമ ഇവരെ ആക്രമിച്ച്‌ സാരമായി പരുക്കേല്‍പ്പിച്ചു. ഇതിനിടെ നിരവധി സ്‌ഥലങ്ങളിലൂടെ പാഞ്ഞുനടന്ന എരുമ കൃഷികള്‍ നശിപ്പിക്കുകയും ചെയ്‌തു.

Loading...

ഇന്നലെ രാവിലെ ഗ്രാമപഞ്ചായത്തംഗം ജെസി വിവരമറിയിച്ചതു പ്രകാരം എസ്‌.ഐ: പി.ടി. ജോസഫും സംഘവും സ്‌ഥലത്തെത്തി. തുടര്‍ന്ന്‌ തോക്ക്‌ സ്വന്തമായി കൈവശമുള്ള മാധ്യമപ്രവര്‍ത്തകന്‍ പ്രസാദുമൊത്ത് പോലീസ്‌ ഒരു മണിക്കൂറോളം എരുമയെ തെരഞ്ഞു. ഒടുവില്‍ ഒട്ടകത്തലമേട്‌ ഭാഗത്ത്‌ എരുമയെ കണ്ടതോടെ പോലീസിന്റെ നിര്‍ദേശ പ്രകാരം പ്രസാദ്‌ വെടിവയ്‌ക്കുകയായിരുന്നു.