ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം

ഡെറാഡൂണ്‍. ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റുവെന്നാണ് പുറത്ത് വരുന്ന വിവരം. ചൊവ്വാഴ്ച വൈകുന്നേരം ഉത്തരാഖണ്ഡിലെ പൗരി ഘര്‍വാള്‍ ജില്ലിലെ തിമാരി ഗ്രാമത്തിലാണ് സംഭവം. ബസില്‍ കുട്ടികളും സ്ത്രീകളും അടക്കം 50 ഓളം പേര്‍ യാത്ര ചെയ്യിതിരുന്നതായിട്ടാണ് വിവരം. പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്ന് 21 പേരെ രക്ഷിച്ചു.

അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ് 500 മീറ്റര്‍ താഴ്ചയിലേക്കാണ് മറഞ്ഞത്. ഹരിദ്വാറിലെ ലാല്ധങ്ങില്‍ നിന്ന് കണ്ടാഗാവ് വഴിയാണ് സംഘമെത്തിയത്. റിഖ്‌നിഖല്‍ ബിറോഖല്‍ റോഡില്‍ വച്ചായിരുന്നു അപകടം. ബിറോഖലിലെ ഒരു ഗ്രാമത്തില്‍ വിവാഹത്തിന് പോയവരാണ് അപകടത്തില്‍ പെട്ടത്.

Loading...

രാത്രി ഏഴരയോടെയായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും പലരുടെയും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സ്ഥിതിഗതികള്‍ വിലയിരുത്തി. ആദ്യ ഘട്ട രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മൊബൈല്‍ ഫോണുകളുടെയും ഫ്‌ളാഷ് ലൈറ്റുകളുടെയും വെളിച്ചത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. പിന്നീട് ദുരന്തനിവാരണ സേന എത്തി ലൈറ്റുകള്‍ തെളിയിച്ചപ്പോഴാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ടുപോയത്.