ബസ് ചാർജ് വർധിക്കും; മിനിമം ചാർജ് പത്ത് രൂപയാക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർദ്ധിക്കാൻ സാധ്യത. മിനിമം ചാർജ് പത്ത് രൂപയാക്കാനാണ് സാധ്യത. ഈ മാസം പതിനെട്ടിനകം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. അതേസമയം വിദ്യാർത്ഥികളുടെ യാത്രാനിരക്കും വർധിപ്പിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കുക വിശദമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമായിരിക്കും.

സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ ചാർജ് വർധന അടക്കമുള്ള കാര്യങ്ങളിൽ ​ഗതാ​ഗത മന്ത്രി അനുകൂല നിലപാടെടുത്തതോടെ ഇന്ന് മുതൽ തുടങ്ങാനിരുന്ന അനിശ്ചിതകാസ സ്വകാര്യ ബസ് സമരം പിൻവലിച്ചിരുന്നു. ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്.

Loading...

മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർദ്ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ. കൊവിഡ് പശ്ചാത്തലത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകൾ പറയുന്നു.