കൈക്കുഞ്ഞുമായി യുവതിയെ ബസില്‍ നിന്നും കണ്ടക്ടര്‍ തള്ളിയിറക്കി ; പിന്നാലെ അസഭ്യവര്‍ഷവും

കൊല്ലം: ബസിലെ തിരക്കു കാരണം സ്റ്റോപ്പില്‍ ഇറങ്ങാന്‍ കഴിയാതിരുന്ന കൈക്കുഞ്ഞുമായുള്ള യുവതിയെ കണ്ടക്ടര്‍ തള്ളിയിറക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് പരാതി. കൊല്ലം ശിങ്കാരപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്കെതിരായണ് പരാതി. പരാതിയെ തുടര്‍ന്ന് കടവൂര്‍ പരപ്പത്തുവിളയില്‍ ആദര്‍ശ് എന്ന 21 വയസ്സുകാരന്‍ അച്ചവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. കൊല്ലത്തുനിന്ന് അഞ്ചാലുംമൂട്ടിലേക്കു പോകുകയായിരുന്നു താന്നിക്കമുക്ക് സ്വദേശിനിയായ യുവതിയ്ക്കാണ് ഈ ദുരനുഭവം. അഞ്ചാലുംമൂട് ജംഗ്ഷനില്‍ ബസ് നിര്‍ത്തിയപ്പോള്‍ തിരക്കു കാരണം പെട്ടെന്ന് ഇറങ്ങാന്‍ കഴിഞ്ഞില്ല. ഇതില്‍ ക്ഷുഭിതനായി കണ്ടക്ടര്‍ ബസില്‍വെച്ച് അസഭ്യം പറഞ്ഞു. കുഞ്ഞുമായി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവതിയെ തള്ളിയിറക്കാനും ശ്രമിച്ചു. പുറത്തിറങ്ങിയ യുവതിയെയും കുഞ്ഞിനെയും സ്റ്റോപ്പില്‍ ഉണ്ടായിരുന്നവര്‍ കേള്‍ക്കെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.

യുവതിയുടെയും ഭര്‍ത്താവിന്റെയും പരാതിയില്‍ എസ്‌ഐ ദേവരാജന്റെ നേതൃത്വത്തില്‍ ഇന്നലെ കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Top