ഉറങ്ങാതിരിക്കാന്‍ ലഹരി; നിയമലംഘനം വൈറലാകാന്‍ ബസ് ഡ്രൈവര്‍മാര്‍

പാലക്കാട്. വടക്കഞ്ചേരിയില്‍ ഒന്‍പത് പേരുടെ അപകടത്തിന് പിന്നാലെ ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ടൂറിസ്റ്റ് ബസ് ഡ്രൈവര്‍. ഇത്തരത്തില്‍ അമിത വേഗത്തില്‍ പോകുന്ന ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ പലതും മനപൂര്‍വമാണെന്ന് ഡ്രൈവര്‍ പറയുന്നു. നിയമലംഘനം നടത്തി മിടുക്ക് കാട്ടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത് കൂടുതല്‍ ഓട്ടം കിട്ടുവാനുള്ള കുറുക്ക് വഴിയാണെന്ന് ഇയാള്‍ പറയുന്നു.

കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും അമിത വേഗവും വലിയ ഹോണുകളും വിദ്യാര്‍ഥികളെ ആകര്‍ഷിക്കും. ഇത്തരം നിയമലംഘനം നടത്തി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ മുന്നിലൂടെ പോയാലും പരിശോധിക്കാറില്ലെന്നും ഡ്രൈവര്‍ പറയുന്നു. ഇന്നലെ അപകടത്തില്‍ പെട്ട ബസിലും പുകയും പലനിറത്തിലുള്ള ലൈറ്റുകളും ക്രമികരിച്ചിരുന്നു. നിരോധിത ഹോണ്‍, അനധികൃത മോഡിഫിക്കേഷന്‍ തുടങ്ങി നിയമലംഘനങ്ങളുടെ പെരുമഴയാണ് ബസുകളിലെല്ലാം.

Loading...

അമിത വേഗത്തില്‍ ബസുകള്‍ ഓടുച്ചില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. അതിനാല്‍ രാത്രി ഉറങ്ങാതെ വേഗത്തില്‍ ഓടിക്കുക. ഉറങ്ങാതിരിക്കാന്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുമെന്നും ജീവനക്കാര്‍ പറയുന്നു. ആഘോഷമില്ലെങ്കില്‍ പിന്നെ എന്ത് വിനോദയാത്രയെന്ന് യാത്രക്കാരും, യാത്രക്കാരെ സന്തോഷിപ്പിച്ചില്ലെങ്കില്‍ പിന്നെ എന്തിനാണ് ബസ് എന്ന് ഉടമകളും വാദിക്കുന്നു.