‘ഫിറ്റ്‌നസ് റദ്ദാക്കിയാല്‍ സര്‍വീസിലുണ്ടാകില്ല’; വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ബസ് ഉടമയുടെ ഭീഷണി

കൊല്ലം: നിയമലംഘനത്തിന്റെ പേരില്‍ ഫിറ്റ്‌നസ് റദ്ദാക്കിയ നടപടിയില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബസുടമ. തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജോഷ് ട്രാവല്‍സ് ഉടമ ജോഷിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയത്. ഇതിനെതിരെ അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജീഷ് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ജോഷ് ട്രാവല്‍സ് ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വെളളിയാഴ്ചയാണ് സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്തതിന്റെ പേരില്‍ കൊട്ടാരക്കരയില്‍ വച്ച്‌ ജോഷ് ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തത്. സംസ്ഥാനവ്യാപകമായി ടൂറിസ്റ്റ് ബസുകളില്‍ നടത്തുന്ന വാഹന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു കൊട്ടാരക്കരയിലും പരിശോധന നടത്തിയത്. തുടര്‍ന്ന് നിയമലംഘനം ചൂണ്ടിക്കാട്ടി ബസിന്റെ ഫിറ്റ്‌നസ് അധികൃതര്‍ റദ്ദാക്കി. ഇത് ചോദ്യം ചെയ്ത് അജീഷിനെ ഫോണില്‍ വിളിച്ച ജോഷി ഭീഷണി മുഴക്കുകയായിരുന്നു.

Loading...

‘ഇന്ന് തന്നെ ബസിന്റെ ബുക്ക് തിരിച്ചെത്തിച്ചില്ലെങ്കില്‍ സര്‍വീസില്‍ കാണില്ല. നിങ്ങളെ കോടതി കയറ്റും. ഗുസ്തി പിടിക്കാന്‍ എന്നോട് വരരുത്. അങ്ങനെ ചെയ്താല്‍ നിന്നെയും കൊണ്ടേ പോകുകയുളളൂ.ജോയിന്റ് ആര്‍ടിഎയ്ക്ക് കാര്യങ്ങള്‍ അറിയാം. കസേരയില്‍ ഇരിക്കാന്‍ പോലും അനുവദിക്കില്ല, ഉന്നതതലങ്ങളില്‍ തനിക്ക് ബന്ധമുണ്ട്’- ഇങ്ങനെ മോശം ഭാഷയിലാണ് ജോഷി അജീഷിനോട് പെരുമാറിയത്.