ചെന്നൈ: ബസിലെ യാത്രക്കാര്‍ക്കിടയില്‍ കൊവിഡ് പോസിറ്റീവായ ദമ്പതികള്‍ ഉണ്ടെന്നറിഞ്ഞതോടെ ബസില്‍ നിന്നും യാത്രക്കാരും കണ്ടക്ടറും ഇറങ്ങിയോടി. സംഭവം തമിഴ്നാട്ടിലെ തീരദേശ ജില്ലയായ കൂടല്ലൂരിലാണ്. കോവിഡ് നിരീക്ഷണത്തിലിരിക്കെയാണ് ദമ്പതികള്‍ ബന്ധുക്കളെ കാണാനായി ജില്ലയിലെ പന്‍രുതിക്കും വാടല്ലൂരിനുമിടയില്‍ ബസില്‍ യാത്ര ചെയ്തത്. യാത്രയ്ക്കിടയിലായിരുന്നു ദമ്പതികള്‍ക്ക് കോവിഡ് രോഗബാധയുണ്ടെന്ന വിവരം ലഭിച്ചത്.കഴിഞ്ഞ ദിവസം ദമ്പതികളില്‍ ക്ഷയരോഗബാധിതനായ അന്‍പത്തിയേഴുകാരനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
എന്നാല്‍ ഇവരില്‍ കൊവിഡ് ബാധയുണ്ടെന്ന സംശയം തോന്നിയതിനാല്‍ ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിക്കുകയായിരുന്നു. ഇതിന് ശേഷം ഇരുവരോടും വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ തിങ്കളാവ്ച രാവിലെയോടെ ഇവര്‍ ബന്ധുക്കളെ കാണാനായി ബസില്‍ യാത്ര ചെയ്യുകയായിരുന്നു.സ്രവപരിശോധന പോസിറ്റീവായ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിയെങ്കിലും വീട് പൂട്ടിയിരിക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് ഫോണില്‍ വിളിച്ചപ്പോഴാണ് ഇവര്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയാണെന്ന വിവരം ലഭിച്ചത്. ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടക്ടര്‍ക്ക് ഫോണ്‍ നല്കാന് ആവശ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞ കണ്ടക്ടര്‍ നിലവിവിളിക്കുകയും ചെയ്തു.ബഹളത്തിനിടെ ബസ് നിര്‍ത്തിയപ്പോള്‍ കണ്ടക്ടറും യാത്രക്കാരും ഇറങ്ങിയോടുകയായിരുന്നു.