സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. മിനിമം ചാര്‍ജ് എട്ട് രൂപ എന്ന നിരക്കില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ ഇത് രണ്ടര കിലോമീറ്റര്‍ ദൂരപരിധിയിലാകും ഈടാക്കുക. അഞ്ച് കിലോമീറ്ററിന് 10 രൂപ ചാര്‍ജ് ഈടാക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി. രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ തീരുമാനം.

ഇതുവരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തിനാണ് മിനിമം ചാര്‍ജ് 8 രൂപ ഈടാക്കിയിരുന്നത്. ഇപ്പോള്‍ ദൂരപരിധി കുറച്ചിരിക്കുകയാണ്. എട്ട് രൂപ നിരക്കില്‍ ഇനി രണ്ടര കിലോമീറ്റര്‍ മാത്രമേ സഞ്ചരിക്കാന്‍ സാധിക്കൂ. അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 10 രൂപ നല്‍കണം. കൊറോണ പ്രതിസന്ധി തീരും വരെയാണ് ഈ വര്‍ധന. വിദ്യാര്‍ഥികളുടെ ബസ്ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നെങ്കിലും അത് വേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു.

Loading...

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യത്തിന് ഗതാഗത വകുപ്പിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി സര്‍ക്കാരിലേക്ക് നല്‍കുകയാണ് ഗതാഗത വകുപ്പ് ചെയ്തത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത വേളയില്‍ കനത്ത നഷ്ടമാണ് നേരിടുന്നതെന്ന് ബസ് ഉടമകള്‍ പറയുന്നു.