ബസില്‍ സഹയാത്രികയ്ക്ക് ഇരിക്കാന്‍ ഇടം കൊടുത്തു; ഒറ്റയടിക്ക് നഷ്ടം 46,000 രൂപ

ബസില്‍ കൂടെ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് ഇരിക്കാന്‍ സീറ്റില്‍ അല്‍പ്പം ഇടം കൊടുത്ത സീതാലക്ഷ്മിയ്ക്ക് നഷ്ടമായത് 46000 രൂപ. മൂവാറ്റുപുഴ സ്വദേശി സീതാലക്ഷ്മിയുടെ ബാഗില്‍നിന്ന് എടിഎം കാര്‍ഡ് കവര്‍ന്ന സ്ത്രീ 40,000 രൂപയാണ് പിന്‍വലിച്ചത്. ബാഗിലുണ്ടായിരുന്ന 6000 രൂപയും അവര്‍ മോഷ്ടിച്ചിരുന്നു.

പണം പിന്‍വലിച്ച എടിഎം മെഷീനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ മെയ് 22ന് മൂവാറ്റുപുഴയില്‍ നിന്ന് പട്ടിമറ്റത്തേയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് എടിഎം കാര്‍ഡും പണവും നഷ്ടമായത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നത് കൊണ്ടാണ് കണ്ടാല്‍ അവശയെന്ന് തോന്നിക്കുന്ന സ്ത്രീയ്ക്ക് ഇരിയ്ക്കാന്‍ തന്റെ സീറ്റില്‍ സീതാലക്ഷ്മി സൗകര്യം ഒരുക്കി നല്‍കിയത്. പിന്നീട് വീട്ടില്‍ എത്തിയപ്പോഴാണ് എടിഎം കാര്‍ഡും പണവും പോയെന്ന കാര്യം തിരിച്ചറിഞ്ഞത്.

കാര്‍ഡ് പോയെന്ന് തിരിച്ചറിയുന്നതിന് മുന്‍പ് മൂന്ന് തവണയായി എടിഎമ്മില്‍നിന്ന് 40,000 രൂപ നഷ്ടമായി. ഇതിന്റെ സന്ദേശം മൊബൈലില്‍ എത്തുകയും ചെയ്തു. തന്റെ കാര്‍ഡില്‍ തന്നെ പിന്‍ നമ്പര്‍ എഴുതി വെച്ചു എന്ന മണ്ടത്തരമാണ് സീതയുടെ പണം നഷ്ടപ്പെടുത്തിയത്. എസ്ബിഐ ശാഖയില്‍ നിന്നും ഫെഡറല്‍ ബാങ്ക് ശാഖയില്‍നിന്നുമാണ് പണം പിന്‍വലിച്ചിരിക്കുന്നത്.