പ്രവാസി മലയാളിയുടെ ഭാര്യയെ പീഡിപ്പിച്ചു; വ്യവസായി അറസ്റ്റില്‍

ഉല്ലാസ്‌നഗര്‍: പ്രവാസി മലയാളിയുടെ ഭാര്യയും രണ്ടു കുട്ടികളുടെ മാതാവുമായ ബംഗാളി യുവതിയെ പട്ടാപ്പകല്‍ വീട്ടില്‍ കടന്ന് ക്രൂരമായി പീഡിപ്പിച്ച മധ്യവയസ്‌കനായ വ്യവസായി അറസ്റ്റില്‍. ഭാട്ടിയ ട്രാന്‍സ്‌പോര്‍ട്ട് എന്ന സ്ഥാപനം നടത്തിവരുന്ന ജഗദീഷ് എന്ന ജഗ്ഗുഭാട്ടിയ (52) യെയാണ് ഉല്ലാസ്‌നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജൂണ്‍ മൂന്നുവരെ റിമാന്റ് ചെയ്തു.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ പല ഭാഗത്തുനിന്നും തനിക്ക് ഭീഷണി ലഭിച്ചുവരുന്നതായി യുവതിയുടെ ഭര്‍ത്താവായ കോട്ടയം സ്വദേശി പറഞ്ഞു. പീഡനത്തിനിരയായ ഭാര്യയെ ഉല്ലാസ്‌നഗര്‍ സെന്‍ട്രല്‍ ആസ്പത്രിയില്‍ ചികിത്സനല്‍കിയ ശേഷം തത്കാലം അജ്ഞാത സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചിരിക്കയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ക്യാമ്പ് ഒന്നിനും രണ്ടിനും അടുത്ത് ഗോള്‍മൈദാന്‍ പരിസരത്തുള്ള കെട്ടിടത്തിലെ ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു കോട്ടയം സ്വദേശിയും ഭാര്യയും നാലര വയസ്സും ആറ് മാസവും പ്രായമുള്ള രണ്ടു പെണ്‍കുട്ടികളും. അഞ്ചുമാസം മുമ്പ് നടന്ന സിസേറിയന്‍ പ്രസവത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു പീഡനത്തിനിരയായ യുവതി.

Loading...

യുവതിയുടെ മാതാവും കുറച്ചു കാലമായി ഇവരോടൊപ്പം തന്നെയായിരുന്നു താമസം. ഇവരുടെ താമസസ്ഥലത്തിനടുത്ത് തന്നെയാണ് ട്രാന്‍സ്‌പോര്‍ട്ട് വ്യവസായിയായ ജഗ്ഗു ഭാട്ടിയയുടെയും ഓഫീസ്. ഇവിടത്തെ ‘സി’ ബ്ലോക്ക് പരിസരത്ത് മറ്റൊരു കെട്ടിടത്തില്‍ ഭാട്ടിയയുടെ ഗാലയിലാണ് യുവതിയുടെ ഭര്‍ത്താവായ മലയാളി ഗാര്‍മെന്റ് ഫാക്ടറി നടത്തി വന്നിരുന്നത്. ഇവരുടെ കുടുംബവും ഭാട്ടിയയും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12നും ഒരു മണിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവില്‍നിന്ന് ലഭിച്ച വിവരപ്രകാരം അന്ന് വീട്ടില്‍ വെള്ളം വരാതിരുന്നതിനാല്‍ 12 മണിയോടടുത്ത് മകളെയും ഭാര്യാമാതാവിനെയും കൂട്ടി ഗാര്‍മെന്റ് ഫാക്ടറിയില്‍ തുണികള്‍ കഴുകാന്‍പോയ ശേഷം വീട്ടില്‍ ഉടനെ എത്താന്‍ ആവശ്യപ്പെട്ട് ഭാര്യയുടെ ഫോണ്‍ വരികയുണ്ടായത്രെ. വീട്ടിലെത്തിയപ്പോഴാണ് വാതിലുകളെല്ലാം തുറന്നു കിടക്കുന്നതും കിടപ്പുമുറിയില്‍ ഭാര്യ അവശനിലയില്‍ കിടന്നു കരയുന്നതും കണ്ടത്. ചര്‍ച്ചിലെ പാസ്റ്ററെയും ചില സിസ്റ്റര്‍മാരെയും വിളിച്ചുവരുത്തി. അവര്‍ വന്നു ചോദിച്ചപ്പോഴാണ് ജഗ്ഗു ഭാട്ടിയ പീഡിപ്പിച്ച കാര്യം ഭാര്യ വെളിപ്പെടുത്തിയതെന്ന് അയാള്‍ പറഞ്ഞു. പ്രതികരിക്കാന്‍ ശ്രമിച്ചപ്പോള്‍ അന്നേരം കട്ടിലില്‍ കിടന്നുറങ്ങിയിരുന്ന കൊച്ചു കുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഭാട്ടിയ തന്നെ കീഴ്‌പ്പെടുത്തിയതെന്നും ഭാര്യ പറഞ്ഞതായി അയാള്‍ വെളിപ്പെടുത്തി.

ഇവിടത്തെ ക്രിസ്ത്യന്‍ ഏകതാ മഞ്ച് സംസ്ഥാന പ്രസിഡന്റ് ജീതു റാഥോഡിന്റെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ഉല്ലാസ്‌നഗര്‍ പോലീസില്‍ പരാതി രേഖപ്പെടുത്തിയ ശേഷമാണ് യുവതിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതും ചികിത്സ ലഭ്യമാക്കിയതും. പരാതി രേഖപ്പെടുത്തുമ്പോള്‍ ചോദ്യങ്ങളുന്നയിച്ചുകൊണ്ട് പോലീസ് ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം തങ്ങളെ വിഷമിപ്പിച്ചതായി യുവതിയുടെ ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യം പോലീസ് നിഷേധിച്ചു. പീഡനത്തിനിരയായ യുവതിക്ക് നീതിയും കുറ്റവാളിക്ക് എറ്റവും കടുത്ത ശിക്ഷയും ലഭ്യമാക്കാന്‍ തങ്ങള്‍ നിരത്തിലിറങ്ങുമെന്ന് ക്രിസ്ത്യന്‍ ഏകതാ മഞ്ച് പ്രവര്‍ത്തകര്‍ പറഞ്ഞു.