വിദ്യാർത്ഥികൾ ബിവറേജസ് ഔ്ട്ട്‌ലെറ്റ് പൂട്ടിച്ചു

തിരുവനന്തപുരം: സ്കൂളിന് സമീപത്തേയ്ക്ക് മദ്യശാല മാറ്റിയതിനെതിരേ നടന്ന വിദ്യാർഥി പ്രതിഷേധം വിജയിച്ചു. വിദ്യാർഥി പ്രതിഷേധം കണക്കിലെടുത്ത് മദ്യശാല മാറ്റാൻ അധികൃതർ തീരുമാനിച്ചു. തിരുവനന്തപുരം നന്തൻകോട്ടെ ബിവറേജസ് ഔട്ട്‌ലെറ്റാണ് നഗരസഭാ ആരോഗ്യവിഭാഗം സെക്രട്ടറി നേരിട്ടെത്തി സീൽ ചെയ്തത്. മദ്യശാല സ്ഥലത്തു നിന്നും മാറ്റാൻ നടപടി ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം വിദ്യാർഥിനികൾക്ക് ഉറപ്പ് നൽകി.ദേശീയപാതയോരത്തെ മദ്യശാലകൾ 500 മീറ്റർ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബേക്കറി ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന മദ്യശാല നന്തൻകോട്ടേയ്ക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ നന്തൻകോട്ടെ ഹോളി എയ്ഞ്ചൽസ് സ്കൂളിന് സമീപത്തേയ്ക്ക് മദ്യശാല മാറ്റുന്നതിനെ വിദ്യാർഥിനികൾ ശക്തമായി എതിർത്തു. ഗേൾസ് സ്കൂളിന് സമീപത്തേക്ക് മദ്യശാല മാറ്റുന്നത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുമെന്ന വാദം ഉയർത്തിയാണ് വിദ്യാർഥിനികൾ തെരുവിലിറങ്ങിയത്.രാവിലെ ഒൻപതിന് തുടങ്ങിയ സമരം കവയത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിന് സമീപം സ്ഥാപിച്ച മദ്യശാല ഉടൻ മാറ്റണമെന്ന് സുഗതകുമാരി ആവശ്യപ്പെട്ടു. തുടർന്ന് 10 ഓടെ ആരോഗ്യസെക്രട്ടറി എത്തി ഔട്ട്‌ലെറ്റ് സീൽ ചെയ്തു. മദ്യശാല ഇവിടെ നിന്നും മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വിദ്യാർഥിനികൾക്ക് ഉറപ്പ് നൽകി.