“ഇൗ ലാഭകൊതിക്ക്‌ കണക്ക് പറയേണ്ടി വരും, പിണറായി ജനങ്ങളെ വിഡ്ഢികൾ ആക്കരുത്”, കുറിപ്പ്

സംസ്ഥാനം ലോക്ക് ഡൗൺ ചെയ്യേണ്ട അവസ്ഥ വന്നിട്ടും ബീവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടാൻ സര്ക്കാർ തയ്യാറായിട്ടില്ല. എല്ലാം പൂട്ടുമ്പോൾ പോലും ബീവറേജ് തുറന്ന് വെയ്ക്കുന്നത് വലിയ വിപത്ത് വിളിച്ചു വരുത്തിയേക്കാം. എങ്കിലും മദ്യ വിൽപന ശാലകൾ അടക്കില്ല എന്ന നിൽപാടിൽ ഉറച്ച് നിൽക്കുക ആണ് സര്ക്കാർ. ഇത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതിപക്ഷം വൻ ആരോപണങ്ങൾ ആണ് ഉന്നയിക്കുന്നത്. ഇവ ഒന്നോ രണ്ടോ ദിവസത്തേക്ക് അടച്ചിടാൻ ആണ് സർക്കാരിനോട് ആവശ്യപ്പെടുന്നത് അല്ലാതെ കേരളത്തിൽ കാലാകാലത്തേക്ക്‌ സമ്പൂർണ മദ്യ നിരോധനം പ്രഖ്യാപിക്കാൻ അല്ല എന്നും വി ടി ബൽറാം എം എൽ എ പറഞ്ഞു. തന്റെ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിലൂടെ ആണ് അദ്ദേഹം ഇൗ കാര്യം പറഞ്ഞത്.

വി ടി ബൽറാമിന്റെ കുറിപ്പ് ഇങ്ങനെ;

Loading...

നൂറുകണക്കിനാളുകൾ തടിച്ചുകൂടുന്ന ഇടങ്ങളായതിനാൽ മദ്യവിൽപ്പനശാലകൾ തൽക്കാലം ഒന്നോ രണ്ടോ ആഴ്ച അടച്ചിടാനാണ് സർക്കാരിനോട് അഭ്യർത്ഥിക്കുന്നത്, അല്ലാതെ കേരളത്തിൽ കാലാകാലത്തേക്ക് സമ്പൂർണ്ണ മദ്യനിരോധനം പ്രഖ്യാപിക്കാനല്ല. അത്യാവശ്യക്കാർക്ക് വേണമെങ്കിൽ ഹോം ഡെലിവറി സംവിധാനങ്ങൾ ബവ്റിജസ് കോർപ്പറേഷൻ നേരിട്ട് ഏർപ്പെടുത്തുന്നതിലും ആർക്കും വിരോധമുണ്ടാകുമെന്ന് തോന്നുന്നില്ല.

ഇതിനെന്ത് സാമൂഹ്യ പ്രത്യാഘാതമുണ്ടാകുമെന്നാണ് കേരള മുഖ്യമന്ത്രി ഈ പറഞ്ഞു കൊണ്ടിരിക്കുന്നത്!

മദ്യലഭ്യതയുടെ ഔദ്യോഗിക ചാനൽ അടച്ചാൽ വ്യാജമദ്യത്തിൻ്റേതായ മറ്റ് സമാന്തരമാർഗ്ഗങ്ങൾ ഉരുത്തിരിഞ്ഞു വരുമായിരിക്കും, പക്ഷേ അതിന് അതിൻ്റേതായ സമയമെടുക്കും. അതല്ലാതെ ഇന്ന് രാത്രി മദ്യഷാപ്പ് അടച്ചാൽ നാളെ രാവിലെ മുതൽ ഇവിടെ വ്യാജമദ്യം ഒഴുകും എന്നാണോ സർക്കാരിൻ്റെ വാദം? അങ്ങനെയാണെങ്കിൽപ്പിന്നെ ഖജനാവിലെ പണമുപയോഗിച്ച് ഈ എക്സൈസ് വകുപ്പിനെ തീറ്റിപ്പോറ്റുന്നത് എന്തിനാണ്?

സംസ്ഥാനാതിർത്തികൾ പോലും അടച്ചിരിക്കുന്ന സാഹചര്യത്തിൽ, 144 പ്രഖ്യാപിച്ച് ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുന്ന അവസ്ഥയിൽ, പൊതുഗതാഗത സംവിധാനങ്ങൾ പൂർണ്ണമായി നിലയ്ക്കുകയും സ്വകാര്യ വാഹനങ്ങൾ പോലും റോഡുകളിൽ പരിമിതമാവുകയും ചെയ്യുന്ന അവസ്ഥയിൽ, ജനങ്ങൾ പരസ്പരം മോണിറ്റർ ചെയ്യുന്ന സാഹചര്യത്തിൽ സർക്കാരും എക്സൈസ് വകുപ്പും കൂടി മിനിമം ജാഗ്രതയും ഉത്തരവാദിത്തബോധവും കാണിക്കുകയാണെങ്കിൽ ഇവിടെ ഒരു വ്യാജമദ്യവും ഒഴുകാൻ പോകുന്നില്ല. ഇത്രയേറെ സംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് വ്യാജമദ്യം ആളുകളിലേക്കെത്തിക്കാൻ ലാഭകരമായ ഒരു സപ്ലൈ ചെയിൻ ഉണ്ടാക്കിയെടുക്കാൻ ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഒരു മദ്യമാഫിയക്കും കഴിയുകയുമില്ല.

അതുകൊണ്ട് സാമൂഹ്യ പ്രത്യാഘാതത്തിൻ്റെ കപട വായ്ത്താരികൾ കൊണ്ട് പിണറായി വിജയൻ സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കാൻ നോക്കണ്ട. ഇത് നിങ്ങളുടെ ലാഭക്കൊതിയുടെ മാത്രം പ്രശ്നമാണ്. ജനങ്ങളെ കൊലക്ക് കൊടുക്കുന്ന ക്രൂരമായ ലാഭക്കൊതി. എത്ര പുച്ഛിച്ച് ചിരിച്ച് തള്ളിയാലും ഇന്നല്ലെങ്കിൽ നാളെ നിങ്ങളിതിന് കണക്ക് പറയേണ്ടി വരും.