കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികളും കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേത് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെയും തിയതി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിയതികള്‍ പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

രണ്ടുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും വിവിധ ഉപതിരഞ്ഞെടുപ്പുകളും ഒക്ടോബര്‍ 21ന് നടക്കും. വോട്ടെണ്ണല്‍ 24ന്. ഹരിയാണയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായാണ് നടക്കുക. സെപ്റ്റംബര്‍ 27ന് വിജ്ഞാപനം പുറത്തിറങ്ങും. ഒക്ടോബര്‍ നാലുമുതല്‍ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ ഏഴ്.