അഞ്ച് മണ്ഡലങ്ങളില്‍ ഇന്ന് ജനം വിധി എഴുതും, ആശങ്ക ഉയർത്തി പെരുമഴ

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. എല്ലാ മണ്ഡലങ്ങളിലും മോക് പോളിങ് നടത്തി. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

മഞ്ചേശ്വരം ഒഴികെ എല്ലാ മണ്ഡലങ്ങളിലും കനത്ത മഴയാണ്. ഇത് പോളിങിനെ ബാധിക്കുമോയെന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ആശങ്കയിലാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പില് 896 പോളിങ് സ്‌റ്റേഷനുകളിലായി 9,57,509 പേര്‍ക്കാണ് വോട്ടവകാശം. 4,91,455 വനിതകളും 4,66,047 പുരുഷന്‍മാരും ഏഴ് ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പടെയാണിത്. 35 സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്.