രതിയുടെ രസം സ്വകാര്യമായി ഒത്തു കൂടി നുകരുന്നത് പ്രണയമല്ല’: വൈറലായി ഒരു പ്രണയദിന പോസ്റ്റ്

ലോകത്തിന്റെ എല്ലാ കോണിലുള്ളവരും തന്റെ പ്രിയപ്പെട്ടവരോട് ഇഷ്ടം തുറന്ന് പറയുന്ന ദിനമാണ് പ്രണയ ദിനം. .പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഈ ദിനം പ്രത്യേക അനുഭവമാണ്. എത്ര വര്‍ണ്ണിച്ചാലും മതിവരാത്ത വികാരമാണ് പ്രണയം. തമ്മില്‍ സമ്മാനപ്പൊതികള്‍ കൈമാറിയും നേരില്‍ കണ്ടു മുട്ടിയും പലരും പ്രണയദിനം ആഘോഷിക്കുന്നു. പ്രണയത്തിനായി ഒരു ദിനം മാറ്റിവയ്ക്കുന്നുണ്ടെങ്കില്‍ ഫെബ്രുവരി പതിനാലിന് പകരം വയ്ക്കാന്‍ മറ്റൊരു ദിനമില്ല.വാലന്റൈന്‍സ് ഡേ എന്ന ഈ ദിനത്തിന് പിന്നില്‍ ഒരു ത്യാഗത്തിന്റെ കഥയുണ്ട്. ത്യാഗമാണ് പ്രണയത്തിന്റെ പൂര്‍ണത. പ്രണയത്തിന് വേണ്ടി സ്വന്തം ജീവന്‍ ദാനം ചെയ്ത വാലന്റൈന്‍ എന്ന വൈദീകന്റെ ജീവത്യാഗത്തിന്റെ ഓര്‍മ ദിനമാണ് ഫെബ്രുവരി പതിനാല്. ആ ത്യാഗത്തിന്റെ ഓര്‍മയിലാണ് ഓരോ പ്രണയദിനങ്ങളും കടന്ന് പോകുന്നത്. കാർഡുകളും സമ്മാനങ്ങളുമായി വിപണിയും പ്രണയ ദിനാഘോഷത്തെ കൊഴുപ്പിക്കുന്നു. പുതുമയുടെ ലോകത്ത് ജീവിക്കുമ്പോൾ നാം ഒരിക്കലും പ്രണയമെന്നത് വെറും നേരം പോക്കായി കാണരുത്. എന്നാല്‍ ലൈംഗിക ചോദനകളുടെ വികൃതികള്‍ കൊണ്ട് ത്രില്ലും ലഹരിയും ഉണ്ടാകും പക്ഷെ പ്രണയം ഉണ്ടാകില്ല.. അതിന് പരസ്പരം നന്നായി അറിഞ്ഞു കൊണ്ടുള്ള അടുപ്പവും ബന്ധത്തോടുള്ള പ്രതിബദ്ധതയും പങ്കാളിയോടുള്ള ആദരവും കൂടി വേണം.. പ്രശസ്ത മനശാസ്ത്രജ്ഞന്‍ സി.ജെ ജോണിന്റെ വാക്കുകളാണിത്. പ്രണയദിനാശംസകള്‍ അറിയിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഈ കാലഘട്ടത്തിലെ പ്രണയത്തെക്കുറിച്ച് പറഞ്ഞു വയ്ക്കുകയാണ് അദ്ദേഹം..

കുറിപ്പിന്റെ പൂർണ്ണരൂപം:

Loading...

ആരുടേയും മനസ്സിനും ശരീരത്തിനും പരിക്ക് ഏൽപ്പിക്കാതെയുള്ള അക്രമരഹിത പ്രണയങ്ങൾ ഈ വാലൻന്റൈൻ ദിനത്തിൽ ആശംസിക്കുന്നു. പ്രണയം ഇല്ലെങ്കിൽ ജീവിതം ശൂന്യമെന്നൊരു വിചാരത്തെ വാലൻന്റൈൻ ആഘോഷങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഒരു ലൈൻ ഇല്ലെങ്കിൽ എന്തൊരു ജീവിതമെന്ന ചിന്തയിൽ സ്‌കൂൾ പിള്ളേർ പോലും പ്രണയിക്കാൻ ഇറങ്ങുന്നുണ്ട്. ഇത് വ്യാപകവും അംഗീകൃതവുമായതോടെ ഡിസ്പോസിബിൾ പ്രണയങ്ങളുടെയും, ടോക്സിക് പ്രേമങ്ങളുടെയും തോത് കൂടി.. തേപ്പും, ബ്രേക്ക് അപ്പും ഒരു പതിവ് കഥയായി. വാലൻന്റൈൻ ഭാവങ്ങളുടെ തുടർച്ചയായി കത്തിക്കലും കുത്തലും ഭീഷണിയുമൊക്കെ ഉണ്ടാകാൻ തുടങ്ങി. ഗിഫ്ട് കൈമാറി പൊന്നേ മുത്തേയെന്നു മന്ത്രിക്കുന്നത് മാത്രമല്ല പ്രണയം. പരസ്പരം നഗ്‌ന ഫോട്ടോ വാട്സാപ്പിൽ അയച്ചു പുന്നാരം പറയുന്നതും പ്രണയമല്ല. എവിടെയെങ്കിലും സ്വകാര്യമായി ഒത്തു കൂടി രതിയുടെ രസം നുകരുന്നതും പ്രണയമല്ല.

ലൈംഗീക ചോദനകളുടെ ഇത്തരം വികൃതികൾ കൊണ്ട് ത്രില്ലും ലഹരിയും ഉണ്ടാകും. പക്ഷേ നല്ല പ്രണയം ഉണ്ടാവില്ല . അതിനു പരസ്പരം നന്നായി അറിഞ്ഞുള്ള അടുപ്പവും സൃഷ്ടിക്കപ്പെടുന്ന ബന്ധത്തിനോടുള്ള പ്രതിബദ്ധതയും, പങ്കാളിയോടുള്ള ആദരവും കൂടി വേണം. ഇങ്ങനെ ഓരോന്ന് എഴുതി ഞങ്ങടെ പ്രണയത്തെ കോമ്പ്ലിക്കറ്റ് ചെയ്യാൻ ശ്രമിക്കരുതെന്ന് ചൊല്ലി കല്ലെറിയുന്ന ചെറുപ്പക്കാരുണ്ടാകും. എറിയട്ടെ.. അവരിൽ പലരെയും പിന്നീട് മാനസിക തകർച്ചയിൽ കാണേണ്ടി വരുമല്ലോ ?അപ്പോൾ ആ കല്ല് ഒരു വാലൻന്റൈൻ സമ്മാനമായി പൊതിഞ്ഞു കൊടുക്കാം.. റെസ്പോൺസിബിൾ ആൻഡ് ഹാപ്പി വാലൻന്റൈൻ ഡേ . അത് നാളെയാണ് ..നാളെയാണ് …