കൊവിഡ്; ജോലി നഷ്ടപ്പെട്ട വിദേശികള്‍ക്ക് ധനസഹായം നല്‍കാനായി 25 കോടി അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് കാരണം വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് ധനസഹായം നല്‍കുന്നതിന് 25 കോടി രൂപ അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നോര്‍ക്ക റൂട്ടിനാണ് തുക നല്‍കുന്നത്.സെക്രട്ടറിയേറ്റില്‍ പുതിയ പ്രവേശന നിയന്ത്രണ സംവിധാനം ക്രമീകരിക്കാനും,കോവളത്തെ 22 കാശ്മീരി കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.കോവിഡ്കാരണം 01-01-2020 നു ശേഷം കേരളത്തിലെത്തി വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപയുടെ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.ഇതിനാണ് 25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നോര്‍ക്ക റൂട്ടിന് അനുവദിച്ചത്.നേരത്തെ അനുവദിച്ച 58.5 കോടി രൂപയ്ക്കു പുറമെയാണിത്.

സെക്രട്ടറിയേറ്റിലേക്കുള്ള ജീവനക്കാരുടെയും സന്ദര്‍ശകരുടെയും സഞ്ചാരം ക്രമീകരിക്കുന്നതിന് കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ കെല്‍ട്രോണ്‍ മുഖേന ക്രമീകരണം നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.അംഗപരിമിതര്‍ക്കു കൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും നിയന്ത്രണ സംവിധാനം. കെ.എം.ആര്‍.എല്‍ സൗജന്യമായാണ് ഈ പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുക.കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയ 27 റെയില്‍വെ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മാണത്തിന് ഭേദഗതി വരുത്തി ധാരണാപത്രം ഒപ്പിടാനും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സാധന സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി സംഭരിക്കുന്നതിന് ഇന്ത്യ ഗവണ്‍മെന്റിന്റെ ‘ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേയ്‌സു’മായി ധാരണാപത്രം ഒപ്പിടാനും തീരുമാനിച്ചു.കോവളത്ത് കരകൗശല സാധനങ്ങളുടെ കച്ചവടം നടത്തുന്ന 22 കാശ്മീരി കുടുംബങ്ങള്‍ക്ക് കോവിഡ് മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട സാഹചര്യത്തില്‍ 10,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് കാര്‍ഡ് നല്‍കാനും യോഗത്തില്‍ തീരുമാനമായി.

Loading...