സ്വപ്ന സുരേഷും മന്ത്രി കെടി ജലീലും തമ്മിൽ പലതവണ ഫോണിൽ ബന്ധപ്പെട്ടു: ജൂൺ മാസം 9 തവണ സ്വപ്നയും കെടി ജലീലും ഫോണിൽ സംസാരിച്ചു: സ്വപ്ന മന്ത്രിയെ വിളിച്ചത് ഒരു തവണ: മന്ത്രി തിരികെ സ്വപ്നയെ വിളിച്ചത് 8 തവണ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷ് മന്ത്രി കെ.ടി. ജലീലിനെ വിളിച്ചത് നിരവധി തവണ. സ്വപ്ന സുരേഷിനെ ജലീല്‍ വിളിച്ചതിന്‍റെ ഫോണ്‍ രേഖകള്‍ പുറത്ത് വന്നു. മണിക്കൂറുകളോളമാണ് ഇരുവരും തമ്മിലുള്ള ഫോണ്‍സംഭാഷണം തുടര്‍ന്നതെന്നാണ് ലഭിക്കുന്ന തെളിവുകള്‍. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സരിത്തും നിരവധി തവണ ബന്ധപ്പെട്ടതായി തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്.

ജൂൺ മാസം മാത്രം 9 തവണയാണ് സ്വപ്ന സുരേഷും കെടി ജലീലും ഫോണിൽ സംസാരിച്ചത്. ജൂണിൽ തന്നെ സ്വപ്ന മന്ത്രിയുടെ ഫോണിലേക്ക് എസ് എം എസും അയച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് ഒരു തവണ മാത്രമാണ് മന്ത്രിയെ വിളിച്ചത്. മന്ത്രി തിരികെ 8 തവണ സ്വപ്നയെ വിളിച്ചു. ഇതിന് മുമ്പ് എം ശിവശങ്കരന്‍ മൂന്ന് തവണ വിളിച്ചെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണറെയാണ് ശിവശങ്കരന്‍ മൂന്ന് തവണയും വിളിച്ചത്. ആദ്യ കോള്‍ മുന്നര മിനിറ്റ് ആയിരുന്നെന്നും കേസ് അട്ടിമറിക്കാന്‍ ശിവശങ്കരന്‍ ശ്രമിച്ചതിനുള്ള ഡിജിറ്റല്‍ തെളിവാണിതെന്നും കസ്റ്റംസ് പറഞ്ഞു. നിലവില്‍ ശിവശങ്കര്‍ തിരുവനന്തപുരം കസ്റ്റംസ് ഓഫീസിലെത്തി ചോദ്യം ചെയ്യലിന് ഹാജരായിരിക്കുകയാണ്.

Loading...

സർക്കാരിലെ പല പ്രമുഖരേയും ഇരുവരും ഫോണിൽ ബന്ധപ്പെട്ടതായി കോൾ ലിസ്റ്റിൽ നിന്നും വ്യക്തമായിട്ടുണ്ട്. സർക്കാർ പദവികളൊന്നും വഹിക്കാത്ത സർക്കാർ സ്ഥാപനങ്ങളോ ഏജൻസികളുമായോ നേരിട്ട് ബന്ധമില്ലാത്ത സരിത്ത് എന്തിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയെ വിളിച്ചു എന്നത് ദുരൂഹത ഇരട്ടിപ്പിക്കുന്നു. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുമായും സരിത്തും സ്വപ്ന സുരേഷും തമ്മിൽ നിരന്തരം സംസാരിച്ചതായും കോൾ ലിസ്റ്റിൽ വ്യക്തമാണ്. ഏപ്രിൽ 20 മുതൽ ജൂൺ ഒന്ന് വരെ സ്വപ്ന സുരേഷും, പിആ‍ർ സരിത്തും ഫോണിൽ സംസാരിച്ചതിൻ്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്.