തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ പരാജയപ്പെടുത്താൻ റോസാപ്പൂവിന് ആകുമോ ?

Rose.
Rose.

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാന്‍ അവസാന അടവുകള്‍ പയറ്റാനൊരുങ്ങുകയാണ് മൂന്ന് മുന്നണികളും. മിക്ക സ്ഥാനാര്‍ത്ഥികളും നാലാം റൗണ്ട് പ്രചാരണത്തിലാണ്. ഓരോ വാര്‍ഡിലെയും സമുദായബലം, സംഘടനാ ബലം എന്നിവ മാത്രമല്ല, റിബലുകളുടെ ശക്തിയും അപരന്മാര്‍ കൊണ്ടുപോകുന്ന വോട്ടുകളുമെല്ലാം നിര്‍ണായകമാകും.

പ്രാദേശികമായി സമുദായ സംഘടനാ നേതാക്കളെയും ആരാധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികളെയും ഒപ്പം നിറുത്താന്‍ പ്രചാരണത്തിന്റെ തുടക്കം മുതല്‍ തന്നെ സ്ഥാനാര്‍ത്ഥികള്‍ ശ്രമിച്ചിരുന്നു. റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ പിന്തുണകൂടി ഉറപ്പാക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍. രാത്രി പത്തു കഴിഞ്ഞും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിലാണ്. അതിനപ്പുറത്താണ് ജില്ലാ നേതാക്കള്‍ മുന്‍കൈയെടുത്ത് നടത്തുന്ന രഹസ്യയോഗങ്ങള്‍. അടിയൊഴുക്കുകള്‍ നിര്‍ണയിക്കുന്നത് ഈ യോഗങ്ങളാണ്.

Loading...
BJP..TVM
BJP..TVM

റിബല്‍ സ്ഥാനാര്‍ത്ഥികളാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും തലവേദനയാകുന്നത്. പലയിടത്തും റിബലുകള്‍ ശക്തരായി തന്നെ പ്രചാരണ രംഗത്തുണ്ട്. അപരന്മാര്‍ ഏറ്റവും കൂടുതല്‍ തലവേദനയാകുന്നത് എന്‍.ഡി.എയ്‌ക്കാണ് 12 വാ‌ര്‍ഡുകളില്‍ അപര സ്ഥാനാര്‍ത്ഥികള്‍ക്ക് തിര‌ഞ്ഞെടുപ്പ് കമ്മിഷന്‍ റോസാപ്പൂവ് ചിഹ്നം അനുവദിച്ചതോടെയാണ് ബി.ജെ.പി ക്യാമ്പുകളുടെ ഉറക്കം നഷ്ടപ്പെട്ടത്. കഴിഞ്ഞ തവണ ജയിച്ചതും ജയപ്രതീക്ഷയുള്ളതുമായ വാര്‍ഡുകളിലാണ് അപരന്മാര്‍ക്ക് റോസാപ്പൂവ് ചിഹ്നമുള്ളത്. താമരയ്‌ക്ക് തൊട്ടടുത്ത് റോസാപ്പൂവ് ചിഹ്നം വരുമ്പോൾ  പേരിലും ചിഹ്നത്തിലും സാമ്യം ഉണ്ടാകും. സ്വാഭാവികമായും വോട്ട് മാറിപ്പോവുകയും തൊട്ടടുത്ത എതിരാളിക്ക് അത് ഗുണമാവുകയും ചെയ്യുമെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

Thiruvanthapuram..
Thiruvanthapuram..

നൂറു വാര്‍ഡുകളില്‍ 80 വാര്‍ഡുകളിലും ശക്തമായ ത്രികോണ മത്സരമാണ്. ചില വാര്‍ഡുകളില്‍ സ്വതന്ത്രന്മാരും പിടിമുറുക്കുന്നുണ്ട്. അപ്രതീക്ഷിതമായ മുന്നേറ്റം നടത്തി ഭരണം പിടിക്കുകയാണ് മൂന്ന് മുന്നണികളുടെയും ലക്ഷ്യം.ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന വാര്‍ഡുകളില്‍ ഏറ്റവും പ്രധാനം 16 വാര്‍ഡുകളാണ്. പ്രചാരണത്തിന്റെ ഓരോ റൗണ്ടിലും ഇവിടെ മുന്‍തൂക്കം മാറിമറിയുകയാണ്. പുഞ്ചക്കരി, പൊന്നുമംഗലം, നെടുങ്കാട്, എസ്റ്റേറ്റ്, വഞ്ചിയൂര്‍, കാലടി, കുന്നുകുഴി, കരിക്കകം, ചെറുവയ്ക്കല്‍, വെള്ളാര്‍, തിരുവല്ലം, കടകംപള്ളി, അമ്ബത്തറ, കമലേശ്വരം, ചാല, ഫോര്‍ട്ട് എന്നിവിടങ്ങളിലാണ് ഈ ചാഞ്ചാട്ടം കാണുന്നത്.