യുഎസ്-കാനഡ വ്യാപാര യുദ്ധം കാനഡയെ വല്ലാതെ ബാധിക്കും

കനേഡിയന്‍ സ്റ്റീലിനും അലുമിനിയത്തിനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ജൂണ്‍ ഒന്നുമുതല്‍ തീരുവ ഏര്‍പ്പെടുത്തിയതോടെ, കാനഡയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യുഎസുമായി സമീപകാല ചരിത്രത്തിലെ രൂക്ഷമായ വ്യാപാര വാജിജ്യ യുദ്ധത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. തിരിച്ചടിയെന്ന നിലയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഒട്ടേറെ യുഎസ് ഉല്‍പ്പന്നങ്ങളുടെ മേല്‍ 16.6 ബില്യണ്‍ ഡോളറിന്റെ തീരുവയും ചുമത്തി. മൊത്തത്തില്‍ ഇരു രാജ്യങ്ങളിലുമായുള്ള തീരുവ 33 ബില്യണ്‍ ഡോളറിന്റേതാണ്. അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള പതിനായിരക്കണക്കിന് തൊഴിലുകളും അപകടം നേരിടുന്നു.

സ്ഥിതി ഇനിയും വഷളായേക്കും. കാനഡയില്‍ നിര്‍മ്മിച്ച കാറുകള്‍ക്കും ട്രക്കുകള്‍ക്കും 25% തീരുവ ചുമത്തുമെന്നാണ് ട്രമ്പ് ഭീഷണിപ്പെടുത്തിയിട്ടുള്ളത്. അതുകൂടി സംഭവിച്ചാല്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് ഭീഷണി ഉയരും. 2016ലെ തെരെഞ്ഞെടുപ്പില്‍ കടുത്ത ദേശീയത ഉയര്‍ത്തിക്കൊണ്ടായിരുന്നു ട്രമ്പിന്റെ പ്രചാരണം. തീരുവകളുടെ മതില്‍ക്കെട്ടുകള്‍ ഉയര്‍ത്തി അമേരിക്കയുടെ ഉല്‍പ്പന്നങ്ങളെ വിദേശ മാത്സര്യങ്ങളില്‍നിന്നും സംരക്ഷിക്കുമെന്നായിരുന്നു ട്രമ്പിന്റെ വാഗ്ദാനം. സ്റ്റീലിനു 25%വും അലുമിനിയത്തിനു 10%വും തീരുവ ചുമത്തിക്കൊണ്ടുള്ള ട്രമ്പിന്റെ പ്രഖ്യാപനമുണ്ടായത് മാര്‍ച്ചിലായിരുന്നു. ദേശീയ സുരക്ഷാപരമായ കാരണങ്ങളാല്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന യുഎസ് വ്യാപാര നിയമത്തിലെ 232-ാം വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രഖ്യാപനം. എന്നാല്‍ കാനഡയും ജി7ലെ മറ്റു രാഷ്ട്രങ്ങളുമുള്‍പ്പടെ പല രാജ്യങ്ങളെയും തീരുവയില്‍നിന്നും തല്‍ക്കാലം ഒഴിവാക്കിയിരുന്നു. സ്ഥിരമായി ഒഴിവാക്കപ്പെടുന്നതിനുള്ള കൂടിയാലോചനകള്‍ക്ക് സമയം നല്‍കുന്നതിനായിരുന്നു അത്.

നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് (നാഫ്ത) ഉടച്ചുവാര്‍ക്കുന്നതിനുള്ള കൂടിയാലോചനകള്‍ ജൂണ്‍ ഒന്നിന് മുമ്പ് പൂര്‍ത്തിയാക്കിയാല്‍ കാനഡയെയും മെക്‌സിക്കോയെയും സ്ഥിരമായിത്തന്നെ തീരുവയില്‍നിന്നും ഒഴിവാക്കുമെന്നായിരുന്നു ട്രമ്പ് ഭരണകൂടം പറഞ്ഞിരുന്നത്. അതിനു കഴിയാതിരുന്നപ്പോള്‍ തീരുവ ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനവുമായി ട്രമ്പ് മുന്നോട്ടു പോകുകയായിരുന്നു. യൂറോപ്യന്‍ യുണിയനെതിരെയും അന്നേദിവസംതന്നെ ട്രമ്പ് തീരുമാനം നടപ്പാക്കി. കാനഡയെ എങ്ങനെ ബാധിക്കും? യുഎസിലേക്ക് സ്റ്റീലും അലുമിനിയവും ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്ന രാഷ്ട്രം കാനഡയാണ്. 2017ല്‍ 16.6 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. കാനഡ കയറ്റുമതി ചെയ്യുന്ന ലോഹങ്ങളുടെ 80%വും യുഎസിലേക്കാണ്. കാനഡയില്‍ സ്റ്റീല്‍, അലുമിനിയം മേഖലകളില്‍ 30,000 ത്തോളം പേര്‍ പണിയെടുക്കുന്നു. ‘ഡോളറിനു ഡോളര്‍’ എന്ന രീതിയില്‍ യുഎസിലേക്കുള്ള സ്റ്റീല്‍, അലുമിനിയം കയറ്റുമതിയിലൂടെ കാനഡയ്ക്ക് ലഭിച്ച തുകയ്ക്ക് തുല്യമായ തുകയാണ് യുഎസില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ട്രൂഡോ പ്രഖ്യാപിച്ച 25% തീരുവ. സ്റ്റീലും അലുമിനിയവും മാത്രമല്ല ഉപഭോഗ ഉല്‍പ്പന്നങ്ങളുടെ ഒരു നീണ്ട പട്ടികയാണ് അതിലുള്ളത്.

ട്രമ്പ് ഭരണത്തിനുമേല്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദം ഉയരുംവിധമാണ് ഉല്‍പ്പന്നങ്ങള്‍ തീരുവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാഷ്ട്രീയ ചാഞ്ചാട്ട സ്വഭാവം കാണിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഫ്‌ളോറിഡയില്‍നിന്നുമുള്ള ഓറഞ്ച് ജ്യൂസ്, സെനറ്റിലെ ഭൂരിപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവായ മിച്ച് മക്കോണലിന്റെ സ്വന്തം സംസ്ഥാനമായ കെന്റുക്കിയില്‍നിന്നുമുള്ള വിസ്‌ക്കി, ബേര്‍ബന്‍, ഹൗസ് സ്പീക്കര്‍ പോള്‍ റായന്റെ സംസ്ഥാനമായ വിസ്‌കോണ്‍സിനില്‍ നിന്നുമുള്ള അച്ചാറുകള്‍, യോഗര്‍ട്ട് എന്നിവയെല്ലാം തീരുവ ചുമത്തപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ പട്ടികയിലുണ്ട്. ജൂലൈ ഒന്നുമുതലായിരിക്കും തീരുവകള്‍ ചുമത്തുക. ദേശീയ സുരക്ഷാ ചട്ടങ്ങളുടെ 232-ാം വകുപ്പനുസരിച്ചുതന്നെ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കും 25% തീരുവ ഏര്‍പ്പെടുത്തുമെന്ന ട്രമ്പിന്റെ ഭീഷണിയെക്കുറിച്ചു കോമേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റ് 6 മാസത്തെ അന്വേഷണം നടത്തുകയും അതിനു ശേഷം തീരുമാനം എടുക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. സ്റ്റീല്‍ അലുമിനിയം തീരുവകളേക്കാള്‍ കാനഡക്ക് കൂടുതല്‍ ദോഷം ചെയ്യുന്നതാണ് വാഹനങ്ങള്‍ക്കുള്ള തീരുവ. യുഎസിലേക്കുള്ള 80 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയെയും 120,000 ത്തതില്‍പ്പരം തൊഴിലുകളെയുമാണത് അത് ബാധിക്കുക. സ്റ്റീല്‍,അലുമിനിയം തീരുവകളുടെ നാലിരട്ടി ദോഷം ചെയ്യുമെന്നാണ് അതിനര്‍ത്ഥം. വടക്കേ അമേരിക്കയുടെ സംയോജിതമായ സമ്പദ്ഘടനയുടെ ചട്ടക്കൂടിനെയാണ് അത് ബാധിക്കുകയെന്നാണ് വിദഗ്ധാഭിപ്രായം.

പരിഹാരമില്ലാതെ നാഫ്ത പ്രശ്‌നം
നാഫ്ത ചര്‍ച്ചകളില്‍ യുഎസ് ഉന്നയിക്കുന്ന മറ്റാവശ്യങ്ങള്‍ ഉപേക്ഷിക്കുന്ന പക്ഷം വാഹനങ്ങളുടെ കാര്യത്തില്‍ യുഎസിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടും സംരക്ഷിതമായ ക്ഷീരവിപണി കൂടുതല്‍ വിദേശ ഉല്‍പ്പന്നങ്ങള്‍ക്കായി തുറന്നിട്ടുകൊടുക്കാനുള്ള സാധ്യതകള്‍ സൂചിപ്പിച്ചുകൊണ്ടും നാഫ്തയുടെ കാര്യത്തില്‍ യുഎസുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നതിന് കാനഡ ശ്രമിക്കുകയുണ്ടായി. യുഎസിന്റെ ദേശീയ സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുഡ്‌ലോ, ട്രഷറി സെക്രട്ടറി സ്റ്റീവ് മനുഷിന്‍, ട്രമ്പിന്റെ മരുമകനായ ജെറെഡ് കഷ്‌നെര്‍ എന്നിവര്‍ക്ക് അത് സ്വീകാര്യമായി കാണപ്പെട്ടുവെങ്കിലും യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് റോബര്‍ട്ട് ലൈറ്റൈസര്‍ അത് തള്ളിക്കളയുകയാണുണ്ടായത്.

സംഭരണത്തില്‍ ‘അമേരിക്കന്‍ വാങ്ങുക’ എന്ന നയം കര്‍ക്കശമാക്കല്‍, തര്‍ക്ക പരിഹാര സംവിധാനം ഇല്ലാതെയാക്കല്‍, അഞ്ചു വര്‍ഷക്കാലത്തേക്ക് ഉണ്ടാക്കുന്ന കരാര്‍ ദീര്‍ഘിപ്പിക്കുന്നതിനു മൂന്നു രാജ്യങ്ങളും സമ്മതിക്കാത്ത പക്ഷം നാഫ്ത ഇല്ലാതെയാകുന്ന ‘സണ്‍ സെറ്റ്’ വ്യവസ്ഥ ഉള്‍പ്പെടുത്തല്‍ എന്നിങ്ങനെ നാഫ്ത ചര്‍ച്ചകളില്‍ യുഎസ് ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലെല്ലാം യുഎസും കാനഡയും തമ്മില്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്. നാഫ്ത കരാര്‍ സംരക്ഷിക്കുന്നതിനായി ട്രമ്പുമായി നേരിട്ടുള്ള ചര്‍ച്ചക്കായി വാഷിങ്ങ്ടണിലേക്കു പോകുന്നതിനു കഴിഞ്ഞയാഴ്ച ട്രൂഡോ ആലോചിച്ചിരുന്നു. എന്നാല്‍ അത്തരമൊരു കൂടിക്കാഴ്ച നടക്കണമെങ്കില്‍ ‘സണ്‍ സെറ്റ്’ വ്യവസ്ഥ ട്രൂഡോ അംഗീകരിക്കണമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ആവശ്യപ്പെട്ടു. ട്രൂഡോ അതിനു വിസമ്മതിച്ചു. ആശയക്കുഴപ്പം തുടരുന്നതിനിടയില്‍ നാഫ്ത ഉപേക്ഷിക്കുന്നതിനും കാനഡയുമായും മെക്‌സിക്കോയുമായും പ്രത്യേകമായുള്ള കരാറുകള്‍ രൂപപ്പെടുത്തുന്നതിനുള്ള ഒരു നിര്‍ദ്ദേശം ട്രമ്പ് ഉന്നയിച്ചു. നാഫ്തയുടെ വാഹന ചട്ടങ്ങളില്‍ വടക്കേ അമേരിക്കന്‍ സ്റ്റീലിന്റെ ശതമാനം ഉള്‍ക്കൊള്ളിക്കാന്‍ കാനഡയും മെക്‌സിക്കോയും സമ്മതിക്കുന്ന പക്ഷം തീരുവകള്‍ പിന്‍വലിക്കാന്‍ യുഎസ് തയ്യാറാകുകയും നാഫ്തയുടെ മറ്റു വിഷയങ്ങളില്‍ ചര്‍ച്ചകള്‍ തുടരുന്നതിനു സമ്മതിക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായേക്കുമെന്നു കരുതുന്നു. യുഎസില്‍ വില്‍ക്കുന്ന ലോഹങ്ങള്‍ പരിമിതപ്പെടുത്തുന്നതിനായി ഒരു ക്വോട്ട നിശ്ചയിക്കണമെന്ന് യുഎസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അത് ചര്‍ച്ച ചെയ്യുന്നതിന് കാനഡ വിമുഖത കാട്ടുകയായിരുന്നു.

യുഎസിനെതിരെ നാഫ്തയിലും ലോക വ്യാപാര സംഘടനയിലും (ഡബ്‌ള്യുടിഒ) കാനഡ പരാതികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടിക്രമങ്ങളുടെ ഇപ്പോഴത്തെ വേഗതയനുസരിച്ച് ഉടനൊന്നും വിധികള്‍ ഉണ്ടാകുകയില്ല. യുഎസിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍തന്നെയാണ് കാനഡയുടെ അവസാന പ്രതീക്ഷ. യുഎസിലെ ബിസിനസ് സമൂഹത്തില്‍നിന്നും കോണ്‍ഗ്രസ്സിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍നിന്നും ഏറെ പിന്തുണ കാനഡയ്ക്ക് ലഭിക്കുന്നുണ്ട്. തീരുവകള്‍ക്കെതിരെ ശക്തമായ പ്രചാരണം നടത്താന്‍ ബില്യണര്‍മാരും വലതുപക്ഷക്കാരുമായ ചാള്‍സ്, ഡേവിഡ് കൊച് തുടങ്ങിയ ബിസിനസ് പ്രമുഖന്മാര്‍പോലും ആലോചിക്കുന്നു. ‘1929ലെ അമേരിക്കയെ വീണ്ടും സൃഷ്ടിക്കുക’ എന്നതാണ് ട്രമ്പിന്റെ ശ്രമമെന്നായിരുന്നു നെബ്രാസ്‌കയിലെ സെനറ്റര്‍ ബെന്‍ സാസ്സ് പറഞ്ഞത്. ഇടക്കാല തെരഞ്ഞെടുപ്പിനുമുമ്പ് തന്റെ രാഷ്ട്രീയ പിന്തുണ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രമ്പ് ഇപ്പോള്‍ തീരുവകള്‍ പ്രഖ്യാപിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ജി7ല്‍ ട്രമ്പിനു തിരിച്ചടിയുണ്ടാകും യുഎസില്‍ നിന്നുമുള്ള ഉപഭോഗ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയ കാനഡയുടെ നടപടി ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വിലക്കുറവുള്ള കനേഡിയന്‍ നിര്‍മ്മിതമായ ഉല്‍പ്പന്നങ്ങള്‍ തേടുന്നതിന് പ്രേരിപ്പിക്കും. എന്നാല്‍ അമേരിക്കന്‍ രാഷ്ട്രീയക്കാരുടെ തിരിച്ചടി കാരണം നിര്‍മ്മാണ ചിലവുകള്‍ ഉയരുമോ എന്ന ഭയം കാനഡയിലെ വ്യവസായികളെ അലട്ടുന്നുണ്ട്. അതുപോലെത്തന്നെ യുഎസില്‍നിന്നും ഇറക്കുമതി ചെയ്തിരുന്നതും ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്നതുമായ ചില ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡയില്‍ പകരംവയ്ക്കാവുന്ന ഉല്‍പ്പന്നങ്ങളില്ല എന്ന സ്ഥിതിയുമുണ്ട്. അതിനൊരുദാഹരണമാണ് ഓറഞ്ച് ജ്യൂസ്. അതേസമയം യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ബദലായുള്ളവക്ക് ബിസിനസ് ശക്തിപ്രാപിക്കുന്നതിനുള്ള അവസരം ലഭിക്കുകയും ചെയ്യും. കനേഡിയന്‍ ഉല്‍പ്പാദകരെയും ഉപഭോക്താക്കളെയും ബുദ്ധിമുട്ടിക്കാത്ത വിധമാണ് തീരുവ ചുമത്തുന്നതിനുള്ള ഉല്‍പ്പന്നങ്ങള്‍ തീരുമാനിച്ചിട്ടുള്ളതെന്നു വിദേശ മന്ത്രി ക്രിസ്ത്യാ ഫ്രീലാന്‍ഡ് പറഞ്ഞു.

കാനഡയുടെ സ്റ്റീല്‍ വ്യവസായം യുഎസിന്റെ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് പറയുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് കാനഡയെ ‘അധിക്ഷേപിക്കുക’യാണെന്ന് ട്രൂഡോ കുറ്റപ്പെടുത്തി. ഏറ്റവും അടുത്ത സുഹൃത്തും സഖ്യ ശക്തിയുമായ കാനഡപോലും യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാദം യുഎസിലെ ജനതയെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നും ട്രൂഡോ പറഞ്ഞു. കാനഡയുടെ സ്റ്റീലിനുമേല്‍ തീരുവ ചുമത്തിയതിനു തിരിച്ചടിയെന്നോണം ഉടന്‍തന്നെ യുഎസില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തണമെന്ന സമ്മര്‍ദ്ദം ട്രൂഡോക്കു മേലുണ്ട്. കാനഡയിലെ സ്റ്റീല്‍ വ്യവസായം മാത്രമല്ല, കണ്‍സര്‍വേറ്റീവുകള്‍പോലും അതാവശ്യപ്പെടുകയാണ്. എന്നാല്‍ കൂടിയാലോചനകള്‍ക്കുള്ള 30 ദിവസം കാത്തിരിക്കുന്നതിനാണ് അദ്ദേഹം പറയുന്നത്. അടുത്തയാഴ്ച ജി7 നേതാക്കളുടെ ഉച്ചകോടി ചേരുകയാണ്. മറ്റു 6 രാഷ്ട്രങ്ങളും ട്രമ്പിനെതിരെ തിരിയുന്ന സ്ഥിതിയാണുള്ളത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും വളര്‍ച്ച ഉറപ്പാക്കുന്നതുമായ വ്യാപാര നയമാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ടയെന്നു ട്രൂഡോ പറയുന്നു. എന്നാല്‍ വിജയികളും പരാജിതരുമുള്ള ഒരു വ്യാപാര യുദ്ധത്തിനാണ് ട്രമ്പ് ശ്രമിക്കുന്നതെന്ന് ട്രൂഡോ കുറ്റപ്പെടുത്തി.

Top